s

സെക്രട്ടേറിയറ്റിൽ ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ പലകുറി നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഗതികിട്ടാതെ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയലുകളാണ്. ഇതുസംബന്ധിച്ച വിശദമായ വാർത്ത 'സെക്രട്ടേറിയറ്റിൽ ഗതികിട്ടാതെ 15 ലക്ഷം ജീവിതങ്ങൾ" എന്ന തലക്കെട്ടിൽ 'കേരളകൗമുദി" കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുള്ളത് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ റിപ്പോർട്ട് നൽകിയത്. കൃത്യമായി പറഞ്ഞാൽ 14,78,​000 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. എല്ലാ വകുപ്പുകളിലും ഫയലുകൾ തീർക്കാനുണ്ട്. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് റവന്യൂ, ആരോഗ്യം, പൊലീസ്, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം, പട്ടികജാതി- പട്ടികവർഗം, ഉന്നത വിദ്യാഭ്യാസം, പൊതുഭരണം എന്നീ വകുപ്പുകളിലാണ്.

ഫയലുകൾ സമയത്ത് തീർപ്പാക്കാനാകാത്തതിന് പല കാരണങ്ങളാണ് പറയുന്നത്. നവകേരള സദസിന്റെ തയ്യാറെടുപ്പിനായി മന്ത്രിമാരുടെ ഓഫീസുകളും ജീവനക്കാരും തിരക്കിലായതോടെയാണ് ഫയൽ നോട്ടം മന്ദഗതിയിലായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതൊരു ശരിയായ കാരണമായി കണക്കാക്കാനാവില്ല. കാരണം,​ നവകേരള സദസ് ഇതാദ്യമായാണ് നടത്തിയത്. അതിനു മുമ്പും ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കാറുണ്ടായിരുന്നു. അപ്പോൾ,​ ഫയലുകളിൽ തീർപ്പു കല്പിക്കാനുള്ള കാലതാമസം എന്താണെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. കാരണം കണ്ടെത്തിയാലേ അതിനുള്ള ചികിത്സ ഫലിക്കൂ. ഫയൽ തീർപ്പാകുന്നത് വൈകിക്കുന്ന പ്രധാന കാരണങ്ങളിലാെന്ന് അധികാര കേന്ദ്രീകരണം തന്നെയാണ്.

എല്ലാ ഫയലുകളും ഏറ്റവും മുകൾനിരയിലുള്ള എല്ലാവരും കണ്ടിരിക്കണമെന്ന ഇപ്പോഴത്തെ രീതിയിൽ കാതലായ മാറ്റം ആവശ്യമാണ്. സാമ്പത്തിക ബാദ്ധ്യത വരാത്ത പ്രശ്നങ്ങളിൽ താഴെത്തട്ടിൽത്തന്നെ തീരുമാനമെടുക്കാനുള്ള അവകാശം ഉദ്യോഗസ്ഥർക്ക് നൽകണം. അതുപോലെ,​ ഏതു വകുപ്പിലേക്കും അയയ്ക്കുന്ന ഫയലുകൾ നിശ്ചിത ദിവസം കഴിഞ്ഞ് തിരിച്ചയയ്ക്കാതിരുന്നാൽ അത് വൈകിപ്പിച്ച ഉദ്യോഗസ്ഥന് ഫൈൻ ചുമത്തുന്ന സമ്പ്രദായവും നിലവിൽ വരണം. തീരുമാനമെടുത്താൽ ഉത്തരവാദിത്വം സ്വന്തം ചുമലിൽ വരുമോ എന്ന പേടികൊണ്ട് അനാവശ്യമായ ചോദ്യങ്ങൾ എഴുതി ഫയൽ മുകളിലേക്കും താഴേക്കും തട്ടിക്കളിക്കുന്ന രീതി വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. ഫയലിനു പിറകെ നടക്കാൻ സ്വാധീനമുള്ളവർ ഉണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഫയലിൽ തീർപ്പു കല്പിക്കപ്പെടുന്ന സംഭവങ്ങളും അപൂർവമല്ല.

വേണമെന്നുവച്ചാൽ ചക്ക വേരിലും കായ്ക്കും എന്ന് പറയുന്നതു പോലെ ഉദ്യോഗസ്ഥ- രാഷ്ട്രീയ നേതൃത്വങ്ങൾ സംയുക്തമായി പ്രയത്‌നിച്ചാൽ തീർക്കാവുന്ന തരത്തിലുള്ളതാവും കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഭൂരിപക്ഷവും. ഇലക്ഷൻ കാലത്ത് ഉദ്യോഗസ്ഥർ ഫയൽ നീക്കം വളരെ വൈകിപ്പിക്കുന്നത് വർഷങ്ങളായുള്ള പതിവാണ്. ഇലക്ഷൻ കമ്മിഷൻ ഇളവ് അനുവദിച്ചിട്ടുള്ള കാര്യങ്ങളിൽപ്പോലും ഇലക്ഷന്റെ പേരു പറഞ്ഞ് തീരുമാനമെടുക്കാതിരിക്കുകയെന്നത് ഒരു കീഴ്‌വഴക്കം പോലെ നടന്നുവരുന്ന സംഗതിയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം രണ്ട് യജ്ഞങ്ങൾ നടന്നെങ്കിലും ഫയൽ മല ഇനിയും ഒതുങ്ങിയിട്ടില്ല. ഇനി മൂന്നാമതൊരു യജ്ഞം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 2019 ലും 2022 ലും നടത്തിയ യജ്ഞങ്ങൾ ലക്ഷ്യം നേടിയിരുന്നില്ല. മൂന്നാം യജ്ഞം ലക്ഷ്യം കൈവരിക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം.