cherunaranga

തിരുവനന്തപുരം: കൊടുംചൂടിൽ ഡിമാന്റ് കൂടിയതോടെ പച്ചക്കറിക്കും ചെറുനാരങ്ങയ്ക്കുമടക്കം പൊള്ളുംവില. ചെറുനാരങ്ങ വില പൊതുവിപണിയിൽ റെക്കാഡിലെത്തി. കിലോഗ്രാമിന് 250- 260 രൂപ. കഴിഞ്ഞ വർഷം ഏപ്രിലിൽ വില 200 രൂപവരെ എത്തിയിരുന്നു. അച്ചാർ ഉത്പാദനത്തെയും വിലവർദ്ധന ബാധിച്ചുതുടങ്ങി. ആന്ധ്രയിൽ നിന്നുള്ള വരവ് കുറ‍ഞ്ഞതാണ് വിലവർദ്ധനയ്‌ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ചൂടുകാലത്ത് വിളവ് കുറഞ്ഞതും പച്ചക്കറിക്കടക്കം വിലകൂടാൻ കാരണമായി.

പച്ചക്കറികളിൽ ബീൻസ്,​ ഇഞ്ചി, തക്കാളി ബീറ്റ്‌റൂട്ട്, ക്വാളിഫ്ലവർ എന്നിവയ്ക്കാണ് പ്രധാനമായും വിലകൂടിയത്. ചെറിയ ഉള്ളിക്കും വിലകൂടിയിട്ടുണ്ട്. എന്നാൽ,​ 99 രൂപയായിരുന്ന മുരിങ്ങയ്‌ക്ക് 35 -40 രൂപയായി കുറഞ്ഞു. അതേസമയം,​ പൊതുവിപണിയിൽ വില കൂടിയ ബീൻസ് അടക്കം ചില ഇനങ്ങൾ ഹോർട്ടികോർപ്പ് വില്പനശാലകളിൽ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.


കരിക്ക്,​ തണ്ണിമത്തൻ

ഡിമാൻഡ് കൂടി

ചൂട് കടുത്തതോടെ കരിക്കിനും തണ്ണിമത്തനും ഡിമാന്റ് കൂടി. വലിപ്പം കുറഞ്ഞതും കടുംപച്ച,​ മഞ്ഞ നിറങ്ങളിലുള്ള ‘കിരൺ’ ഇനത്തിലുള്ള തണ്ണിമത്തന് കിലോയ്ക്ക് 30 -35 രൂപ. സാദാ ഇനത്തിന് 20 -25 രൂപ. കരിക്കിന് 45 രൂപ. ഗൗരിഗാത്രത്തിന് 60 രൂപ.


പച്ചക്കറിവില

(കിലോഗ്രാമിൽ)​
പൊതുവിപണി,​ ഹോർട്ടികോർപ്പ് ക്രമത്തിൽ,​

(ഫെബ്രുവരിയിലെ ഹോർട്ടികോർപ്പ് വില ബ്രാക്കറ്റിൽ)
ബീൻസ് ....................................180,​ 135 (82)
ഇഞ്ചി......................................... 200, 179 (139)
തക്കാളി......................................50, 42 (39)
കാരറ്റ്.........................................85, 77 (74)
ക്വാളിഫ്ലവർ ...............................75, 58 (49)
കോവയ്ക്ക ....................................69, 57 (47)
വലിയ നാരങ്ങ .........................180, 130 (109)
ബീറ്റ്‌റൂട്ട്..................................... 75, 69 (52)
ചെറിയ ഉള്ളി ............................75, 69 (45)
ഏത്തൻപഴം.............................75, 68 (55)
പൂവൻപഴം.................................65, 57 (52)