തിരുവനന്തപുരം: ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ അദ്ധ്യാപക പരിശീലനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം നടന്നു.
കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസൃതമായും ശാസ്ത്രസാങ്കേതിക വിദ്യകൾക്കനുസരിച്ചും അദ്ധ്യാപകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലുദിവസം നീളുന്ന നോൺ റസിഡൻഷ്യൽ പരിശീലനം. സംസ്ഥാനത്തെ മുപ്പതിനായിരം അദ്ധ്യാപകർക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുൾപ്പെടെ പരിശീലനം സംഘടിപ്പിക്കുന്നത്.
ആർ.ഡി.ഡിമാർ, എ.ഡിമാർ,ഡി.പി.സിമാർ,ഡി.പി.ഒമാർ, വിദ്യാകിരണം കോ-ഓഡിനേറ്റർമാർ, സംസ്ഥാന പ്രോജക്ട് ഓഫീസർമാർ, എസ്.സി.ഇ.ആർ.ടി ആർ ഒമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ,ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർമാർ, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർ, എസ്.സി.എ.ആർ.ടി ഡയറക്ടർ, എസ്.എസ്.കെ ഡയറക്ടർ, കൈറ്റ് സി.ഇ.ഒ, വിദ്യാകിരണം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ശമ്പള നിഷേധം അവകാശലംഘനം : എച്ച്.എസ്.എസ്.ടി.എ
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലം മാറ്റ പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്ന നടപടി തികഞ്ഞ അവകാശലംഘനമാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സ്ഥലം മാറ്റ ലിസ്റ്റിൽ ഉൾപ്പെട്ട അദ്ധ്യാപകർക്കാണ് ശമ്പളം ലഭിക്കാത്തത്. ശമ്പളവിതരണ സോഫ്റ്റ് വെയർ പ്രകാരം അദ്ധ്യാപകർ നിലവിൽ സ്ഥലം മാറ്റത്തിനു മുമ്പുള്ള സ്കൂളിൽ തന്നെയാണുള്ളത്. കഴിഞ്ഞ മാസത്തിൽ പ്രത്യേക സർക്കുലർ പ്രകാരം ശമ്പളം വിതരണം ചെയ്യാൻ അനുവദിച്ചെങ്കിലും ഏപ്രിൽ മാസത്തെ ശമ്പളം അനുവദിക്കാനുള്ള നിർദ്ദേശം നൽകിയിട്ടില്ല. സ്ഥലം മാറ്റ കാര്യത്തിലെ അനിശ്ചിതത്വത്തിനു പുറമെ ശമ്പളം കൂടി മുടങ്ങുന്ന അവസ്ഥയിലേക്ക് അദ്ധ്യാപകരെ എത്തിക്കരുതെന്ന് എച്ച്.എസ്.എസ്.ടി .എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണം
സ്വകാര്യവത്കരിക്കരുത്
തിരുവനന്തപുരം: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം ബഹുരാഷ്ട്ര സ്വകാര്യ കമ്പനിയായ സൂയിസിനെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ സി.പി.മുരളി, കെ.കെ.അഷറഫ്, പി.രാജു, കെ.സി.ജയപാലൻ, കെ.വി.കൃഷ്ണൻ, ആർ.പ്രസാദ്, പി.സുബ്രഹ്മണ്യൻ, താവം ബാലകൃഷ്ണൻ, എലിസബത്ത് അസീസി, പി.വി.സത്യനേശൻ, കവിതാ രാജൻ, അഡ്വ. ജി. ലാലു, അഡ്വ. ആർ.സജിലാൽ, എ. ശോഭ എന്നിവർ സംസാരിച്ചു.
അംഗത്വംപുതുക്കാം
തിരുവനന്തപുരം:കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംംഗതൊഴിലാളികളുടെ 2023 വർഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയ പരിധി മേയ് 31 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2329516 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.