വെഞ്ഞാറമൂട്: ഇക്കുറി ഓണത്തിന് പച്ചക്കറിക്ക് അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരും. കത്തുന്ന ചൂടും ജലദൗർലഭ്യവും മൂലം പച്ചക്കറി ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലായി. വൻ തുക മുടക്കി കൃഷിയിറക്കിയ മിക്ക കർഷകരും കടുത്ത ചൂടും മഴയില്ലായ്‌മയും മൂലം വലയുകയാണ്. ചൂട് കൂടിയതോടെ കായ്ച്ചു തുടങ്ങിയ പച്ചക്കറികൾ ഉൾപ്പെടെ നശിച്ചു. ഓണത്തിനായി നട്ടവ ഉണങ്ങിത്തുടങ്ങി. പച്ചക്കറി കൃഷിയുടെ പൂക്കളും കായ്കളുമൊക്കെ കരിഞ്ഞുണങ്ങുകയും പൊഴിയുകയും ചെയ്യുന്നു. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരെയാണ് കാലാവസ്ഥ വ്യതിയാനം ഏ​റ്റവും പ്രതികൂലമായി ബാധിക്കുന്നത്. ബാങ്കിൽ നിന്നു വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശയ്‌ക്കെടുത്തുമൊക്കെ കൃഷിയിറക്കിയവർക്ക് വിളനാശം നേരിടുന്നതിനാൽ വലിയ സാമ്പത്തികബാദ്ധ്യത വരുമെന്ന അവസ്ഥയിലാണ്. വിളവെടുക്കൽ പാതിയോളമായിട്ടും സാധാരണ ലഭിക്കുന്ന വിളവ് കാലാവസ്ഥ വ്യതിയാനംമൂലം കർഷകർക്ക് ലഭിക്കുന്നില്ല. കടുത്ത ചൂടിൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് കൃഷി പുനരാരംഭിക്കാൻ സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

**ക്ഷീരകർഷകരും തളർന്നു

അത്യുഷ്ണം കന്നുകാലിവളർത്തലിലേർപ്പെട്ട കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വെള്ളം ലഭിക്കാതെ പശുക്കൾ തളർന്നുവീഴുന്നതും പതിവായതോടെ മലയോരമേഖലയിൽ ക്ഷീരമേഖല ചരിത്രത്തിലിതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ്. കിണറുകളും തോടുകളും വരളുകയും നീരൊഴുക്ക് ഇല്ലാതാകുകയും ചെയ്തതോടെയാണ് മലയോരത്ത് പശുവളർത്തൽ പ്രതിസന്ധിയിലായത്. അത്യുത്പാദനശേഷിയുള്ള പശുക്കളാണ് അപകടത്തിനിരയാകുന്നതിൽ കൂടുതലും. ചൂട് താങ്ങാൻ പറ്റാത്ത ഈ ഇനങ്ങൾക്ക് ആവശ്യത്തിന് വെള്ളം നൽകാൻ സാധിക്കാത്തതാണ് തളർന്നു വീഴുന്നതിനും ചത്തുപോകുന്നതിനും ഇടയാക്കുന്നത്.