വെള്ളറട: വേനൽ ചൂടിൽ ചുട്ടുപൊള്ളി മലയോരം. രാത്രിയും പകലും ഒരുപോലെയാണ് ചൂട് അനുഭവപ്പെടുന്നത്. പാറകൾനിറഞ്ഞ പ്രദേശമായിതനാൽ അതികാഠിന്യമായ ചൂടാണ് ഇവിടെ അനുഭവിക്കുന്നത്. രാവിലെ 28 മുതൽ 29 ഡിഗ്രിയിൽ തുടങ്ങുന്ന ചൂട് ഉച്ചയാവുമ്പോൾ 35നു മുകളിൽ എത്തുന്നു. പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. ചൂടിന് കാഠിന്യം കൂടിയതോടെ ചെറു നീരുറവകളും തോടുകളും വറ്റി. കുന്നിൻ മുകളിൽ താമസിക്കുന്നവർക്ക് ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുല്ലുകളെല്ലാം കരിഞ്ഞുണങ്ങിയതിനാൽ കന്നുകാലി കർഷകരും ഏറെ ബുദ്ധിമുട്ടിലാണ്.

കാട്ടുമൃഗങ്ങൾ നാട്ടിൽ

കാട്ടിലെ നീരുറവകൾ വറ്റിവരണ്ടതോടെ കാട്ടിൽ നിന്നും വെള്ളവും ആഹാരവും തേടിയെത്തുന്ന വന്യജീവികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. മലയോര കർഷകന് വന്യജീവിശല്യം മൂലം ആദായം ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. പച്ചക്കറി കൃഷിയേയും വേനൽ കാര്യമായി ബാധിച്ചിട്ടുണ്ട്. വെള്ളറട പഞ്ചായത്തിലെ പന്നിമലയിലും പരിസരപ്രദേശങ്ങളിലുമാണ് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.

 കാളിപ്പാറയിലും വെള്ളമില്ല

വെള്ളറടയിൽ കുടിവെള്ള വിതരണത്തിന് ജലജീവൻ പദ്ധതി നടപ്പിലാക്കിയെങ്കിലും കുടിവെള്ളം കിട്ടുന്നില്ലെന്നും പരാതിയുണ്ട്. കാളിപ്പാറ ജലവിതരണ പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. അമ്പൂരിയിലെ സംഭരണിയിലാണ് വെള്ളം ശേഖരിക്കുന്നത്. വെള്ളറടയിൽ കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള വെള്ളം ശേഖരിക്കാൻ സംഭരണിയില്ലാത്തതും ശുദ്ധ ജല വിതരണത്തെ കാര്യമായി ബാധിക്കുന്നു.