തിരുവനന്തപുരം: പ്രാവച്ചമ്പലം-കരമന ദേശീയപാതയിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ഫ്രാൻസ് ആവശ്യപ്പെട്ടു. ദേശീയപാത മുറിച്ചു കടക്കുമ്പോൾ അപകടങ്ങൾ വ്യാപകമായതിനെത്തുടർന്ന് പ്രാവച്ചമ്പലം മുതൽ നീറമൺകര വരെയുള്ള റോഡിന്റെ മീഡിയനിൽ ബാരിക്കേഡ് വച്ചിരുന്നു. ഇതോടെ ഒന്നര കിലോമീറ്റർ വരെ നടന്നാലേ ട്രാഫിക് സിഗ്നലുള്ള സ്ഥലത്ത് കൂടി റോഡ് മുറിച്ച് മറുഭാഗത്ത് എത്താനാകൂ.
ഓരോ 500 മീറ്ററിലും ക്രോസിംഗ് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനരോഷം ഭയന്ന് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ക്രോസിംഗ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ബാരിക്കേഡ് വച്ച് കാൽനടയാത്ര തടഞ്ഞു. റോഡ് മുറിച്ച് കടക്കുന്നതിന് സഹായകരമായ രീതിയിൽ പ്രാവച്ചമ്പലത്തെ സിഗ്നൽ സംവിധാനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസ് ഭാരവാഹികൾ മന്ത്രി വി.ശിവൻകുട്ടിക്കും റോഡ് സുരക്ഷാ കമ്മിഷണർക്കും ദേശീയപാത അധികൃതർക്കും നിവേദനം നൽകി. യാത്രാപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഫ്രാൻസ് പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രനും ജനറൽ സെക്രട്ടറി ആർ.വിജയൻ നായരും അറിയിച്ചു.