s

സ്ത്രീകൾക്ക് ആർ.ടി.സി ബസിൽ സൗജന്യയാത്ര പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിയാണ് തെലങ്കാനയിൽ കോൺഗ്രസ് ഭരണം പിടിച്ചത്. ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കും മുമ്പ് എൻ.ഡി.എ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി പ്രകടന പത്രിക ഇറക്കി. സ്ത്രീ വോട്ടർമാരെ കൈയിലെടുക്കാൻ18 - 59 പ്രായമുള്ള സ്ത്രീകൾക്ക് 'ആദബിദ്ദ നിധി' (സ്ത്രീ നിധി) വഴി മാസം 1,500 രൂപ വാഗ്ദാനവുമുണ്ട്.

ഓരോ സ്‌കൂൾ വിദ്യാർത്ഥിക്കും 'തള്ളിക്കി വന്ദനം' പദ്ധതിയിൽ വർഷം 15,000 രൂപ നൽകും. തുക അമ്മമാരുടെ അക്കൗണ്ടിൽ എത്തും.

സൂപ്പർ സിക്സ് എന്ന പേരിലാണ് ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു പ്രകടനപത്രിക പുറത്തിറക്കിയത്.

വാർദ്ധക്യ പെൻഷൻ 6000 രൂപയാക്കും. തൊഴിൽ രഹിതർക്ക് 3000 രൂപ.

വർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, കർഷകർക്ക് വർഷം 20,000 രൂപ, സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപ സബ്സിഡി, 50 വയസ്സിന് മുകളിലുള്ള പിന്നാക്ക വിഭാഗക്കാർക്ക് മാസം 4,000 രൂപ, നെയ്‌ത്തുകാർക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

സൂപ്പർ സിക്സിനെ നേരിടാൻ കഴിഞ്ഞ തവണ അധികാരത്തിലെത്തിച്ച നവരത്ന പ്രഖ്യാപനങ്ങൾ പുതുക്കി 'ജഗനണ്ണ നവരത്‌നാലു പ്ലസ്' എന്ന് പേരിലാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി പ്രകടന പത്രിക ഇറക്കിയത്.

എല്ലാ കുടുംങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ ജലയജ്ഞം. കുറഞ്ഞ വരുമാനക്കാർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യശ്രീ പരിരക്ഷ, ഗുരുതര രോഗമുള്ളവർക്ക് മാസം 10,000 രൂപ, എല്ലാ കർഷകർക്കും 50,000 രൂപ ധനസഹായം, പലിശ രഹിതവായ്പ, കാർഷിക ആവശ്യത്തിന് പകൽ 9 മണിക്കൂർ സൗജന്യ വൈദ്യുതി. ഭവനരഹതർക്ക് അഞ്ച് വർഷം കൊണ്ട് 25 ലക്ഷം വീടുകൾ, അമ്മമാർക്ക് 15,000 രൂപ, പെൻഷൻ പ്രായം 65ൽ നിന്ന് 60 ആയി കുറയ്ക്കും, പാവപ്പെട്ട വിദ്യാർത്ഥിക്ക് വർഷം 20,000 രൂപ...ഇങ്ങനെ പോകുന്നു നവരത്ന വാഗ്ദാനങ്ങൾ.

മോദിയുടെ പടമില്ല, വിവാദം

ടി.ഡി.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന്റെ പ്രകടന പത്രിക അവതരിപ്പിച്ച വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമില്ലാതിരുന്നതിനെ ചൊല്ലി വിവാദം. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് സിദ്ധാർത്ഥ് നാഥ് സിംഗ്, വേദിയിലുണ്ടായിട്ടും പ്രകടന പത്രികയുടെ പകർപ്പ് സ്വീകരിക്കാൻ വിസമ്മതിച്ചു. സംഭവം എൻ.ഡി.എയെ അടിക്കാനുള്ള വടിയാക്കി വൈ.എസ്.ആർ.സി.പി മാറ്റി.

മോദിക്ക് ആന്ധ്രയിലെ കൂട്ടുകെട്ടിൽ വിശ്വാസം ഇല്ലെന്ന് ജഗൻ മോഹൻ റെഡ്ഡി കളിയാക്കി. ബി.ജെ.പി 6 ലോക്‌സഭാ സീറ്റിലും പത്ത് നിയമസഭാ സീറ്റിലുമാണ് മത്സരിക്കുന്നത്.