നെയ്യാറ്റിൻകര: മകളുടെ വിവാഹത്തിനും വീട് നവീകരണത്തിനുമായി നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതുമൂലം ജീവനൊടുക്കിയ നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം സ്വദേശി സോമസാഗരത്തിന്റെ നിക്ഷേപത്തുക തിരികെ നൽകാനുള്ള നടപടികൾ പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക് അധികൃതർ ആരംഭിച്ചു.
നിക്ഷേപത്തുകയിൽ ബാക്കി നൽകാനുള്ള അഞ്ചുലക്ഷം രൂപയും പലിശയും കുടുംബത്തിന് കൈമാറാൻ സോമസാഗരത്തിന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകൾ നൽകുന്നതിനനുസരിച്ച് മുഴുവൻ പണവും കൈമാറാമെന്ന് കഴിഞ്ഞ ദിവസം തന്നെ ബാങ്ക് അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി സോമസാഗരത്തിന്റെ മകൻ മിഥുനും സഹോദരനും ഇന്നലെ പോയിരുന്നു. മാരായമുട്ടം സ്റ്റേഷനിൽ നിന്നുള്ള എഫ്.ഐ.ആറും ഇവർ വാങ്ങിയിട്ടുണ്ട്.
മരണസർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കിയാൽ നോമിനിയായ ഭാര്യ ലൈല ജാസ്‌മിന് പണം കൈമാറും. പൊതുപ്രവർത്തകരും അടുത്ത ബന്ധുക്കളും ഇതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ്. മരണവാർത്ത അറിഞ്ഞ് ഇന്നലെയും സോമസാഗരത്തിന്റെ വീട്ടിൽ നിരവധി പേരെത്തി. കഴിഞ്ഞ 19ന് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സോമസാഗരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.