തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഇന്നലെയും സംസ്ഥാനത്തെ ടെസ്റ്ര് ഗ്രൗണ്ടുകൾ നിശ്ചലമായി. ഗ്രൗണ്ടുകളിൽ ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ട്‌ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ഇന്നലെ അഡി. ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രേംശങ്കർ വിളിച്ചു ചേർത്ത ചർച്ചയിൽ എ.കെ.എം.ഡി.എ.എസ് ഭാരവാഹികളും സി.ഐ.ടി.യു നേതാക്കളും പങ്കെടുത്തു. പുതിയ സർക്കുലർ മരവിപ്പിക്കില്ലെന്നും എന്നാൽ ഭേദഗതി വരുത്താമെന്നും യോഗത്തിൽ ഉറപ്പുനൽകിയെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. പ്രസാദ് അറിയിച്ചു.