മാർഗനിർദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം: ജനം സഹകരിച്ചാൽ ലോഡ് ഷെഡ്ഡിംഗ് കൂടാതെ വിതരണ പ്രതിസന്ധി പരിഹരിക്കാമെന്ന് കെ.എസ്.ഇ.ബി. മഴ വരുന്നതോടെ സാഹചര്യം മാറും. പരമാവധി ഒരുമാസം നീളാനിടയുള്ള പ്രതിസന്ധി ജനങ്ങളെ ഒപ്പം നിറുത്തി മറികടക്കാനാണ് തീരുമാനം. വൈദ്യുതി മന്ത്രി നിലവിലെ സ്ഥിതി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഇതനുസരിച്ച് കെ.എസ്.ഇ.ബി ഇന്നലെ സർക്കുലർ പുറത്തിറക്കി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശങ്ങളിൽ ഇടപെടാൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരെ നിയോഗിക്കും. വൻകിട വ്യവസായ സ്ഥാപനങ്ങളിൽ രാത്രി 10 മുതൽ പുലർച്ചെ 2വരെയുള്ള ഷിഫ്റ്റിൽ വൈദ്യുതി നിയന്ത്രിക്കണം. വാട്ടർ അതോറിറ്റി രാത്രികാല പമ്പിംഗ് ഒഴിവാക്കണം. എന്നാൽ അനിവാര്യ സാഹചര്യങ്ങളിൽ ഇളവ് നൽകും.
വൈദ്യുതി ബിൽ കുടിശികയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ രാത്രി 10 മുതൽ 2 വരെ ഉപഭോഗം കർശനമായി നിയന്ത്രിക്കും. വ്യവസായ, തദ്ദേശ സ്വയംഭരണ, റെവന്യു സെക്രട്ടറിമാർ അതത് വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്ക് കെ.എസ്.ഇ.ബി നിർദ്ദേശം പാലിക്കാൻ സർക്കുലർ അയയ്ക്കും. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകൾ പൊതുജനങ്ങളെ ബോധവത്കരിക്കും.
നിലവിൽ വൈദ്യുതി ലഭ്യതയ്ക്ക് തടസ്സമില്ല. അതേസമയം, ഓവർ ലോഡ് സബ് സ്റ്റേഷനുകളിൽ ട്രിപ്പാകും. ട്രാൻസ്ഫോർമർ കേടാകും. ഫ്യൂസ് പോകും. ഇതാണ് പ്രശ്നം. ഇതൊഴിവാക്കാൻ ജാഗ്രതപാലിക്കണം.
പൊതുജനം
ചെയ്യേണ്ടത്
രാത്രി 10 മുതൽ പുലർച്ചെ 2വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണം
എ.സി 26 ഡിഗ്രിക്ക് താഴെ സെറ്റ് ചെയ്യുന്നത് ഒഴിവാക്കണം
അനാവശ്യ വിളക്കുകളും യന്ത്രങ്ങളും രാത്രി ഒഴിവാക്കണം
രാത്രി 9 കഴിഞ്ഞ് കടകളിലെ അലങ്കാര ലൈറ്റുൾ ഒഴിവാക്കണം
ലിഫ്റ്റ് ഇറിഗേഷൻ പീക്ക് സമയങ്ങളിൽ പ്രവർത്തിപ്പിക്കരുത്
നിർമ്മാണ യൂണിറ്റുകൾ യന്ത്രങ്ങൾ രാത്രി ഉപയോഗിക്കുന്നത് കുറയ്ക്കണം
ഇപ്പോഴത്തെ അവസ്ഥ പ്രകൃതി ദുരന്തമായി കണ്ട് പൊതുജനം ഒറ്റക്കെട്ടായി നിൽക്കണം
-കെ.കൃഷ്ണൻകുട്ടി,
വൈദ്യുതി മന്ത്രി