തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനെ വികസനമുരടിപ്പിലേക്ക് തള്ളിവിടുന്നത് അധികൃതരുടെ കടുത്ത അനാസ്ഥ കൊണ്ടാണെന്ന ആക്ഷേപമാണുള്ളത്. ഇവിടെ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ സമയനഷ്ടം ഉണ്ടാകുമെന്നാണ് റെയിൽവേ അധികൃതരുടെ വാദം. പേട്ടയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാസഞ്ചർ അസോസിയേഷനും ഓട്ടോതൊഴിലാളി കൂട്ടായ്‌മയും ജനപ്രതിനിധികൾ വഴിയും അല്ലാതെയും നിരവധി നിവേദനങ്ങൾ അധികാരികൾക്ക് നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
ഡി.ആർ.എമ്മിന് നിവേദനം നൽകിയിട്ട് ഒരുവർഷം,
ഫലമില്ല: പാസഞ്ചേഴ്സ് അസോസിയേഷൻ
ഫ്രണ്ട് ഓൺ റെയിൽസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുവർഷം മുമ്പ് വഞ്ചിനാട് എക്‌സ്‌പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് നിവേദനം നൽകിയിരുന്നു. എറണാകുളത്തു നിന്ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്‌പ്രസിൽ നിരവധിപ്പേർ തിരുവനന്തപുരത്തെത്തുന്നുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സർക്കാർ ഉദ്യോഗസ്ഥരാണ്. രാവിലെ 5.05നാണ് എറണാകുളത്തു നിന്ന് വഞ്ചിനാട് പുറപ്പെടുന്നത്. രാവിലെ 9.30ന് കഴക്കൂട്ടത്തും 9.40ന് തിരുവനന്തപുരത്ത് സെൻട്രലിലും ട്രെയിനെത്തും. സെൻട്രലിൽ എത്തുന്നതിന് മുമ്പ് മൂന്നാംമനയ്ക്കൽ,ഉപ്പിടാംമൂട് പാലം എന്നിവിടങ്ങളിൽ ട്രെയിൻ പിടിച്ചിടും. നിയമസഭ,യൂണിവേഴ്സിറ്റി,മെഡിക്കൽ കോളേജ്,ആർ.സി.സി,പബ്ലിക്ക് ഓഫീസ്,വികാസ് ഭവൻ തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്ക് ട്രെയിൻ പേട്ടയിൽ നിറുത്തിയാൽ ഉപയോഗമാകും.
പേട്ടയിലിറങ്ങിയാൽ മെഡിക്കൽ കോളേജ്,ശ്രീചിത്ര,ഡെന്റൽ കോളേജ്,എസ്.എ.ടി, ആർ.സി.സി,ജനറൽ ആശുപത്രി തുടങ്ങിയ പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലെത്താം. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പാസഞ്ചേഴ്സ് അസോയിയേഷൻ റെയിൽവേ ഡിവിഷൻ മാനേജർക്ക് നിവേദനം നൽകിയത്. അന്ന് വഞ്ചിനാട് എക്‌സ്‌പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് ഉറപ്പ് നൽകിയെന്നും അസോസിയേഷൻ പ്രതിനിധി ലിയോൺസ് കേരളകൗമുദിയോട് പറഞ്ഞു. പേട്ടയിൽ സ്റ്റോപ്പില്ലാത്ത എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തോട് ഇനിയും അധികാരികൾ മുഖം തിരിക്കരുതെന്നും ലിയോൺസ് പറഞ്ഞു.
ട്രെയിനുകൾ നിറുത്തിയാൽ ആളുകൾ
കൂടുതലെത്തും: ഓട്ടോ തൊഴിലാളികൾ
പേട്ടയിൽ കൂടുതൽ ട്രെയിനുകൾ നിറുത്തിയാൽ ആളുകൾ കൂടുതലായി എത്തുമെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതുമൂലം വാഹനത്തിന്റെ ഓട്ടം തീരെ കുറവാണെന്നും പേട്ടയിലെ ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് ബിജുമോൻ പറഞ്ഞു. ട്രെയിനുകൾ നിറുത്തിയാൽ വിനോദസഞ്ചാരികളും ഉദ്യോഗസ്ഥരും ആശുപത്രിയിൽ പോകേണ്ടവരും കൂടുതലായി എത്തും. ഇത് ഓട്ടോ തൊഴിലാളികൾക്കും ഉപകാരമാകും. പേട്ടയിൽ നിന്ന് ആർ.സി.സിയിലേക്ക് ഓട്ടം പോകുന്നവർക്ക് സൗജന്യ യാത്രയാണെന്നും ബിജുമോൻ പറഞ്ഞു.