-mathew

തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ ഹർജിക്കാരനായ മാത്യു കുഴൽനാടനായില്ല. ഹർജിയിൽ കോടതി ആറിന് വിധി പറയും. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാരയാണ് കേസ് പരിഗണിച്ചത്.

ഹർജിയിലെ ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ എങ്ങനെ വരുമെന്നതടക്കമാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും സി.എം.ആർ.എല്ലിന് അനുകൂലമായി നൽകിയ റിപ്പോർട്ടടക്കം 4 രേഖകൾ കൂടി കുഴൽനാടൻ ഹാജരാക്കിയതോടെ അതിന്മേലും ഇന്നലെ കോടതി വാദം കേട്ടു. കെ.എം.ഇ.ആർ.എല്ലിന്റെ കൈവശമുള്ള അധിക ഭൂമി നഷ്ടമാകാതിരിക്കാൻ സർക്കാർ നൽകിയ ഉത്തരവ്, 1999ൽ കേന്ദ്ര ഭൂഗർഭ- ഭൂപര്യവേക്ഷണ മന്ത്രാലയം സ്വകാര്യ വ്യക്തികളുടെ ഖനനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള നിർദ്ദേശം, സി.എം.ആർ.എല്ലിന്റെ അപേക്ഷ പരിഗണിക്കണമെന്ന മന്ത്രിസഭാ മിനിട്ട്സ് എന്നിവയാണ് ഹാജരാക്കിയ മറ്റ് രേഖകൾ.

എന്നാൽ, അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും സി.എം.ആർ.എല്ലിന്റെ അപേക്ഷ ലാൻഡ് ബോർഡ് തള്ളിയെന്നും അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടണമെന്നാണ് മിനിട്ട്സിലുള്ളതെന്നും വിജിലൻസ് പ്രോസിക്യൂട്ടർ ആർ.എൽ.രഞ്ജിത്‌കുമാർ വാദിച്ചു. ഏത് തെളിവാണ് മുഖ്യമന്ത്രിക്കെതിരെ ഹാജരാക്കിയതെന്ന് കോടതി ചോദിച്ചപ്പോഴും കുഴൽനാടന് വ്യക്തമായ മറുപടിയുണ്ടായില്ല.

രേഖകൾ പുറത്തുവിട്ട്

കുഴൽനാടൻ

മാസപ്പടി കേസിൽ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ രേഖകൾ പത്രസമ്മേളനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടു. താൻ മുമ്പ് ഉന്നയിച്ച ആരോപണങ്ങളുടെ രേഖകളാണിതെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കുതെളിയിക്കുന്നതാണെന്നും അവകാശപ്പെട്ടു. കരിമണൽ ഖനനത്തിന് വാങ്ങിയ 24 ഏക്കർ ഭൂമിയിൽ ഖനനം നടക്കില്ലെന്ന് വന്നതോടെ സി.എം.ആർ.എൽ സമർപ്പിച്ച ടൂറിസം പദ്ധതിക്കായി വകുപ്പിൽ നിന്ന് ഇടപെടലുണ്ടായി. ഖനനത്തിന് രണ്ടുതവണ അപേക്ഷിച്ചപ്പോഴും കളക്ടർ അദ്ധ്യക്ഷയായുള്ള ജില്ലാതല സമിതി അനുമതി നൽകാതെ സർക്കാരിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി നൽകാൻ ലാൻഡ് ബോർഡ് സെക്രട്ടറി കമ്പനിയോട് നിർദ്ദേശിച്ചു. ഇതോടെയാണ് കമ്പനി ടൂറിസം പദ്ധതി സമർപ്പിച്ചത്. ഈ പദ്ധതി അംഗീകരിക്കാൻ മാത്രമായാണ് രേണുരാജിനെ അവിടെ കളക്ടറായി നിയമിച്ചത്. പുതിയ പദ്ധതിക്കായുള്ള നിർദ്ദേശത്തിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.