 ഇന്നലെ റെക്കാഡ് ഉപഭോഗം

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം ഇന്നലെ റെക്കാഡ് ഉയരത്തിലെത്തിയതോടെ പ്രാദേശികതല വൈദ്യുതി നിയന്ത്രവും ആരംഭിച്ചു. രാത്രി ഏഴു മുതൽ പുലർച്ചെ രണ്ടു മണിവരെയുള്ള സമയങ്ങളിലാണ് പ്രാദേശിക നിയന്ത്രണം നടപ്പാക്കുക. ഇന്ന് വ്യാപാരസ്ഥാപനങ്ങൾ, കടകൾ എന്നിവയ്ക്കാണ് നിയന്ത്രണം.

ഇന്നലെ 5854 മെഗാവാട്ടാണ് (114.18ദശലക്ഷം യൂണിറ്റ്) ഉപഭോഗം. ഇതിന് മുമ്പ് 5617മെഗാവാട്ടായിരുന്നു (108.54 ദശലക്ഷം യൂണിറ്റ് ) കൂടിയ ഉപഭോഗം. നിലവിലെ സാഹചര്യത്തിൽ 150 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ട്.

ആലപ്പുഴ, കൊല്ലം,ഇടുക്കി,മലപ്പുറം,പാലക്കാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വിതരണസംവിധാനത്തിന് താങ്ങാവുന്നതിലേറെ ഉപഭോഗം ഉണ്ടാകുന്നത്. എറണാകുളം,തിരുവനന്തപുരം,കോട്ടയം,തൃശ്ശൂർ,കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ഉപഭോഗം കൂടുതലുണ്ടെങ്കിലും വിതരണ സംവിധാനവും അതനുസരിച്ച് മെച്ചപ്പെട്ടതാണ്. ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരുടെ മേൽനോട്ടത്തിലാണ് നിയന്ത്രണം നടപ്പാക്കുന്നത്.