തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലിൽ നിന്ന് മാതാപിതാക്കളുടെ സ്നേഹ ഭവനങ്ങളിലേയ്ക്ക് ഏഴ് കുരുന്നുകൾ കൂടി.കുട്ടികളെ ഏറ്റെടുക്കാൻ ഏഴ് ദമ്പതികൾ കുടുംബസമേതം ഇന്നലെ തിരുവനന്തപുരം തൈയ്ക്കാടുള്ള സമിതി ആസ്ഥാനത്തെത്തി.ഒരു ദിവസം ഇത്രയധികം കുട്ടികളെ ദത്തു നൽകുന്നത് സമിതിയുടെ ചരിത്രത്തിൽ ഇതാദ്യം. നർഗീസ്,വൈഷ്ണവ്,ശില്പ,ശ്രദ്ധ,ജോനാഥൻ,ലക്ഷ്യ,വികാസ് എന്നീ കുരുന്നുകളെയാണ് സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി രക്ഷാകർത്താക്കൾക്ക് കൈമാറിയത്. ഒരാൾ തമിഴ്നാട്ടിലേക്ക് പോകും.ബാക്കി ആറു പേർ കേരളത്തിൽ തന്നെയാണ് ചേക്കേറുന്നത്. ഡോക്ടർ,അസിസ്റ്റന്റ് ഡയറക്ടർ,യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ,പൊലീസ്,സ്വന്തമായി ബിസിനസ് നടത്തുന്നവർ തുടങ്ങിയവരാണ് മാതാപിതാക്കൾ. 14 മാസത്തിനിടയിൽ 76 കുട്ടികളെയാണ് ഇതുവരെ ദത്തു നൽകിയത്. ഇതിൽ 12 പേർ വിദേശത്തേക്ക് പറന്നു.