തിരുവനന്തപുരം: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച് വിടുതൽ വാങ്ങിയ അദ്ധ്യാപകർ അടിയന്തരമായി പുതിയ സ്‌കൂളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. അദ്ധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നിലവിൽ നടപ്പായ സ്ഥലംമാറ്റങ്ങൾക്ക് ബാധകമല്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഹർജി ജൂൺ 3ന് വീണ്ടും പരിഗണിക്കും. അന്നുവരെ ഉത്തരവ് ബാധകമാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡയറക്ടറുടെ സർക്കുലർ. അദ്ധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അടിയന്തര നടപടികൾ പ്രിൻസിപ്പൽമാർ സ്വീകരിക്കണം. ട്രാൻസ്ഫർ ഉത്തരവ് പ്രകാരം വിടുതൽ വാങ്ങുകയും എന്നാൽ സ്റ്റേ വന്നതുമൂലം പുതിയ സ്‌കൂളിൽ ജോയിൻ ചെയ്യാൻ കഴിയാതിരുന്ന അദ്ധ്യാപകരുടെ പ്രസ്തുത കാലയളവിലെ സർവീസ് സർക്കാർ ക്രമീകരിച്ച് നൽകും.