തിരുവനന്തപുരം: മദ്യപാനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ പിടിയിൽ.വഞ്ചിയൂർ സ്വദേശികളായ സച്ചിൻ (20),പെരുന്താന്നി സ്വദേശി അ‌ജിത്ത് (21) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്ര് ചെയ്തത്. ഇന്നലെ പുലർച്ചെ 3നായിരുന്നു സംഭവം. പാൽക്കുളങ്ങരയിൽ റോഡിലിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികളെ നൈറ്ര് പട്രോളിംഗിനെത്തിയ ഗ്രേഡ് എസ്.ഐ സുജിത്തും സംഘവും ചോദ്യം ചെയ്തു. റോഡിലിരുന്ന് മദ്യപിക്കരുതെന്നും നടപടിയുണ്ടാകുമെന്നും പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതികൾ പ്രകോപിതരായി പൊലീസുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്തപ്പോൾ ജോലിക്ക് തടസം നിൽക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. ഗ്രേഡ് എസ്.ഐക്ക് നിസാര പരിക്കേറ്റു. പ്രതികളിലൊരാളായ സച്ചിന്റെ പേരിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.