തിരുവനന്തപുരം: കളക്ടറേറ്റിൽ ദ്രുത തീവ്ര വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കളക്ടറേറ്റും പരിസരവും മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിൽ ഒരുക്കിയ മിയാവാക്കി വനവത്കരണ പദ്ധതി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.ജാപ്പനീസ് വനവത്കരണ വിദ്യയായ മിയാവാക്കി മാതൃകയിലൂടെ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിദ്ധ്യം വികസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട പച്ചപ്പ് പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യം.അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സി,സബ്കളക്ടർ അശ്വതി ശ്രീനിവാസ്,അസിസ്റ്റന്റ് കളക്ടർ അഖിൽ.വി.മേനോൻ എന്നിവരും വൃക്ഷത്തൈകൾ നട്ട് പദ്ധതിയിൽ പങ്കാളികളായി.

കേരളത്തിന്റെ തനത് കാലാവസ്ഥയ്ക്കും ജൈവവൈവിദ്ധ്യത്തിനും അനുയോജ്യമായ രീതിയിൽ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേൻ സംഘടിപ്പിച്ച പദ്ധതിയാണ് ദ്രുത തീവ്ര വനവത്കരണം (റാപ്പിഡ് ഇന്റൻസ് ഫോറസ്റ്റിംഗ്).നിർമ്മിതികേന്ദ്രയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിൽ പങ്കാളികളാകാൻ തിരുവനന്തപുരം പ്രസ് ക്ലബ് അംഗങ്ങൾക്കും അവസരമൊരുക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്നും നാളെയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ദ്രുത തീവ്ര വനവത്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് വൃക്ഷത്തൈകൾ നടാം.ഫോൺ: 9446065998.