തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം ഈ മാസവും സർചാർജ് പിരിക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വൈദ്യുതി ചാർജ് വർദ്ധനവ് കാരണം ജനങ്ങൾ വലയുമ്പോഴാണ് കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗാണ് നടക്കുന്നത്. കൊടും ചൂടുകാലത്ത് ജനങ്ങൾക്ക് നരകയാതന നൽകുന്ന നടപടിയാണിത്. നിയന്ത്രണം എന്ന പേരിൽ നടക്കുന്ന ഈ തട്ടിപ്പിനെതിരെ പല സ്ഥലത്തും നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഇങ്ങനെ പോയാൽ ജനങ്ങൾ കെ.എസ്.ഇ.ബി ഓഫീസുകൾ കൈയേറുന്ന സാഹചര്യമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.