kudivellavitharanam

മുടപുരം: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിടെ കിഴുവിലം പഞ്ചായത്തിൽ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്തത് നാട്ടുകാർക്ക് ആശ്വാസമായി. കഠിനമായ വേനൽ സമയത്തും പഞ്ചായത്തിൽ വാട്ടർ അതോറിട്ടി പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യാത്തതിനാൽ നാട്ടുകാർ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഈ ബുദ്ധിമുട്ടിന് നേരിയ ആശ്വാസം നൽകിയാണ് പഞ്ചായത്ത് ലോറിയിൽ കുടിവെള്ള വിതരണം നടത്തിയത്. വെള്ളിയാഴ്ച മുതൽ കുടിവെള്ള വിതരണം ആരംഭിച്ചു. രണ്ട് ലോറികളിലായി അയ്യായിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് ഘടിപ്പിച്ച് വാട്ടർ അതോറിട്ടിയിൽ നിന്ന് ലഭിക്കുന്ന വെള്ളം നിറച്ചാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അടിയന്തരമായി കുടിവെള്ള വിതരണത്തിന് ഒരു ലക്ഷം രൂപ ചെലവഴിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അറിയിച്ചു. ആവശ്യം വന്നാൽ കൂടുതൽ തുക കണ്ടെത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.