തിരുവനന്തപുരം: വഞ്ചിയൂർ കോടതിക്ക് മുന്നിൽ വച്ച് ജനം ടി.വി തിരുവനന്തപുരം ബ്യൂറോയിലെ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാവിലെ 11ന് മേയർ-കെ.എസ്.ആർ.ടി.സി വിഷയത്തിൽ, കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെയും അഭിഭാഷകന്റെയും പ്രതികരണമെടുക്കാൻ ക്യാമറാമാനോടൊപ്പം പോയതായിരുന്നു യുവതി. മറ്റ് മാദ്ധ്യമപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ഈ സമയം അപരിചിതനായ ഒരാൾ മാദ്ധ്യമപ്രവർത്തകർക്ക് ഇടയിലൂടെ നുഴഞ്ഞുകയറി ചാനലിന്റെ മൈക്കുമായി നിന്ന യുവതിയുടെ ശരീരത്തിൽ നിരവധി തവണ സ്പർശിച്ചുവെന്നാണ് പരാതി. ഇക്കാര്യം ചോദ്യം ചെയ്ത യുവതിയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകർ ചെറുത്തതോടെ ഇയാൾ കോടതിവളപ്പിലേക്ക് ഓടിക്കയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഹാജരാക്കി പരാതിപ്പെട്ടതിനെ തുടർന്ന് വഞ്ചിയൂർ പൊലീസ്, സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് കേസെടുത്തു. ജാമ്യമില്ലാത്തവകുപ്പാണിത്. പ്രതിയുടെ ഫോട്ടോ കിട്ടിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കോടതിയിൽ കേസിന് വന്ന ആളാണെന്നാണ് സൂചന.

പൊതുസ്ഥലത്തെ റിപ്പോർട്ടിംഗിനിടെ വനിതാ മാദ്ധ്യമപ്രവർത്തകയ്ക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ ജാമ്യമില്ലാവകുപ്പ് ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി.നായർ എന്നിവർ ആവശ്യപ്പെട്ടു.