തിരുവനന്തപുരം : ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി പൊതുഗതാഗതം സ്‌തംഭിപ്പിച്ച മേയർ ആര്യ രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കണമെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ സ്വകാര്യ ഹർജി. മേയറുടെ ഭർത്താവും ബാലുശേരി എം. എൽ. എയുമായ കെ.എം സച്ചിൻ ദേവ്, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയുന്ന യുവാവ് എന്നിവർക്കെതിരെയും ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കണം. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും ചുമത്തണം.ഹർജി പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനി മോൾ എസ്. രാജേന്ദ്രൻ വിശദ പരിശോധനയക്കായി നാളത്തേക്ക് മാറ്റി.
ഹർജിയിൽ പറയുന്നത്
ഏപ്രിൽ 27 ന് ഉച്ചക്ക് തൃശൂരിൽ നിന്ന് പുറപ്പെടുമ്പോൾ ബസിലെ ക്യാമറ പ്രവർത്തന സജ്ജമായിരുന്നു. പ്രതികൾ ഔദ്യോഗിക കൃത്യ നിർവ്വഹണം തടഞ്ഞു. സാഫല്യം കോംപ്ലക്സിന് മുന്നിൽ വാഹനം കുറുകെ നിർത്തി അസഭ്യം പറഞ്ഞ് ഡ്രൈവറുടെ ഡോർ വലിച്ച് തുറന്ന് ഇറങ്ങാൻ നിർബന്ധിച്ചു. ബസിൽ അതിക്രമിച്ച് കടന്ന എം. എൽ.എ അസഭ്യം പറഞ്ഞ് ഭീതി ഉണ്ടാക്കി യാത്രക്കാരെ ഇറക്കി വിട്ടു. ഇതെല്ലാം മൊബൈലിൽ ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തി അത് മായ്ച്ച് കളഞ്ഞു.
മേയറുടെ സ്വകാര്യ വാഹനം റിക്കവറി ചെയ്യണം. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിലെ സി. സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കണം. യാത്രക്കാരൻ ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ വീണ്ടെടുക്കണം. ബസിലെ മൂന്ന് സി. സി.ടി. വി. ക്യാമറ ദൃശ്യങ്ങളുടെ ഡി. വി. ആർ പരിശോധിക്കണം.
നടി റോഷ്‌നയുടെ ആരോപണം: ബസ് ഓടിച്ചത് യദു
മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരായ നടി റോഷ്‌ന ആൻ റോയ് ഉന്നയിച്ച ആരോപണത്തിന് അനുകൂലമായ രേഖകൾ പുറത്ത്.
തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ഷെഡ്യൂൾ പ്രകാരം ആർ.പി.ഇ 492 എന്ന ബസ് അന്ന് ഓടിച്ചത് യദുവാണെന്ന രേഖ പുറത്ത് വന്നു.
ജൂൺ 18ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് ബസ് വഴിക്കടവിലേക്ക് പോയി.
മടക്കയാത്ര ജൂൺ 19നും.ഇത് ഷെഡ്യൂൾ രേഖയിലുണ്ട്.
അന്നേ ദിവസം കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം.
സംഭവ ദിവസം ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ സുബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയിക്കുന്നു. തന്റെ മുമ്പിൽ വച്ചാണ് എം.എൽ.എയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നൽകിയത്. നടി ആരോപിക്കുന്ന പ്രശ്നം ഉണ്ടായിട്ടില്ല.
--ഡ്രൈവർ യദു