തിരുവനന്തപുരം: ഇന്നലെ മുതൽ കെ.എസ്.ഇ.ബി പ്രാദേശിക നിയന്ത്രണം നടപ്പാക്കിയെങ്കിലും വൈദ്യതി ഉപഭോഗത്തിൽ കുറവില്ല. ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിദിന ഉപഭോഗമായ 115.94 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ വൈദ്യുതി അമിത ലോഡ് ക്രമീകരണം കാര്യക്ഷമമാക്കാൻ പട്ടം വൈദ്യുതി ഭവനിൽ കൺട്രോൾ റൂം തുറന്നു. വിതരണ പ്രതിസന്ധി പരിഹരിക്കും വരെ ഇതിന്റെ പ്രവർത്തനം തുടരും.

കൺട്രോൾ റൂമിലൂടെ വൈദ്യുതി നിയന്ത്രണം ഇന്നുമുതൽ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. പ്രസരണം, വിതരണം, ലോഡ് ഡെസ്പാച്ച് സെന്റർ എന്നിവിടങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് കൺട്രോൾ റൂം രൂപീകരിച്ചത്. ഫീഡറുകളിലെ ഓവർലോഡ്, സബ് സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വ്യത്യസ്ത സമയങ്ങളിൽ കൂടുന്ന വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം എന്നിവ കൺട്രോൾ റൂം ക്രമീകരിക്കും.

115.94 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ച ഉപഭോഗം. ലോഡ് കൂടുന്നത് മൂലം ട്രാൻസ്ഫോർമറിന്റെ പ്രവർത്തനം നിലയ്ക്കുന്നതും ഫ്യൂസ് പോകുന്നതുമാണ് പ്രതിസന്ധി.

വൈദ്യുതി ലഭ്യതയ്ക്ക് തടസ്സങ്ങളൊന്നുമില്ല. ഇന്നലെ 22 യൂണിറ്റ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുകയും 93.19യൂണിറ്റ് പുറത്തു നിന്ന് കൊണ്ടുവരികയും ചെയ്താണ് ഡിമാൻഡ് ക്രമീകരിച്ചത്.

അമിത ഉപഭോഗം നിയന്ത്രിക്കാൻ വ്യാപാരസ്ഥാപനങ്ങളിലെ അലങ്കാരങ്ങൾ ഒഴിവാക്കാനും എ.സിയുടെ പ്രവർത്തനം 26 ഡിഗ്രിയിൽ ക്രമീകരിക്കാനും അഭ്യർത്ഥിച്ചിരുന്നു. ഫാക്ടറികളിലും വ്യവസായസ്ഥാപനങ്ങളിലും രാത്രി 7 മുതൽ പുലർച്ചെ രണ്ടുവരെ പ്രവർത്തനം കുറയ്ക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഉപഭോഗം കൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി ക്രമീകരണങ്ങളേർപ്പെടുത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരെയും ചുമതലപ്പെടുത്തി.

ജനങ്ങൾ സഹകരിക്കാൻ തുടങ്ങിയെന്നാണ് പ്രാഥമിക വിവരം. അവരെ അഭിനന്ദിക്കുന്നു. നല്ല നിലയിൽ തുടർന്നും സഹകരിച്ചാൽ പവർക്കട്ട് ഒഴിവാക്കാം

കെ.കൃഷ്ണൻകുട്ടി,​

വൈദ്യുതി മന്ത്രി