തിരുവനന്തപുരം: മാനവരാശിയുടെ സൗഖ്യത്തിനും സ്വാസ്ഥ്യത്തിനും പ്രവർത്തിക്കുന്ന ഡോക്ടർമാരെ ആദരിക്കുന്നത് ആധുനിക കാലത്തിന്റെ സംസ്കാരമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
മെഡിക്കൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായി 'കേരളകൗമുദി ' സംഘടിപ്പിച്ച മെഡിസ്കേപ്പ് ഹെൽത്ത് ഇന്ററാക്ടീവ് പരിപാടി ആക്കുളം ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈ ഞരമ്പ് തൊട്ട് ഹൃയമിടിപ്പ് അളന്ന് ഹൃദ്രോഗ ചികിത്സ നടത്തിയിരുന്ന കാലത്തുനിന്നാണ് കാത്ത് ലാബും റോബോട്ടിക് സർജറിയുമൊക്കെയായി വൈദ്യശാസ്ത്രം മുന്നേറിയത്. അപ്പോഴും രോഗം തിരിച്ചറിയാനും ചികിത്സിക്കാനും വൈദഗ്ദ്ധ്യം ഏറെ ആവശ്യമാണ്. ആ വൈദഗ്ദ്ധ്യം കൊണ്ട് അനേകം പേർക്ക് ജീവനും ജീവിതവും തിരിച്ചുനൽകിയ ഡോക്ടർമാരെ ആദരിക്കുന്ന കേരളകൗമുദിയുടെ കർമ്മം ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോക് മുഖ്യപ്രഭാഷണവും കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖ പ്രഭാഷണവും നടത്തി. യൂണിറ്റ് ചീഫ് എസ്.വിക്രമൻ, കൗമുദി ടി.വി ഹെഡ് ആർ.ബി.ലിയോ എന്നിവർ പങ്കെടുത്തു.
പ്രശസ്ത ഡോക്ടർമാരായ പ്രൊഫ. ജി. വിജയരാഘവൻ, സി.ജി. ബാഹുലേയൻ, എ. മാർത്താണ്ഡപിള്ള, മധുരവല്ലി തമ്പി, ജെ.ബെനറ്റ് എബ്രഹാം, ബൈജു സേനാധിപൻ, മോഹനൻ നായർ,വി.ജയപാൽ, കേണൽ രാജീവ് മണാലി, കെ.എൻ. ശിവൻകുട്ടി, ഇന്ദിര അമ്മ, എം. അർഷാദ്, എ.സി. റാവു, ആർ.ജെ. രാഹുൽ, പി. രവിശങ്കർ, ശാന്തല കെ. പ്രഭു, സി.പി. അനീഷ് എന്നിവരെ മന്ത്രി ആദരിച്ചു .
എസ്.കെ ഹോസ്‌പിറ്റൽ, എസ്.യു.ടി പട്ടം, കിംസ് ഹെൽത്ത്, ബ്രൈറ്റൻ അപ്പ്, ദ നെസ്റ്റ്, ആസ്ട്രിക്സ്, ഹൃദയാലയ, സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ് കാരക്കോണം, സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ എന്നിവയാണ് സ്‌പോൺസർ ചെയ്തത്.
കേരളകൗമുദി പോരാടുന്ന
പത്രം : മന്ത്രി വാസവൻ
പാർശ്വവത്കരിക്കപ്പെടുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി അടരാടാൻ തൂലിക പടവാളാക്കിയ പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു . മുട്ടിന് താഴെ മുണ്ടുടുക്കാനും വഴിനടക്കാനും സ്വാതന്ത്ര്യമില്ലാതിരുന്ന ഇരുണ്ട കാലഘട്ടം നമുക്കുണ്ടായിരുന്നു. ശ്രീനാരായണഗുരു സഞ്ചരിച്ച റിക്ഷയെപ്പോലും വഴിതടഞ്ഞ സംഭവം ഉണ്ടായി. അതാണ് പിൽക്കാലത്ത് വൈക്കം സത്യാഗ്രഹത്തിന് വഴിവച്ചത്. അതിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. അംഗീകാരത്തിന് അർഹരായവരെ ആദരിക്കുന്ന സംസ്‌കാര സമ്പന്നമായ കർമ്മമാണ് കേരളകൗമുദി ഇപ്പോൾ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരാേഗ്യത്തിലെ മുന്നേറ്റം
ഡോക്ടർ സംഭാവന:ബി.അശോക്
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് വിലമതിക്കാനാവാത്ത സേവനം നൽകിയവരാണ് ഡോക്ടർമാരുടെ സമൂഹമെന്ന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ .ബി.അശോക് പറഞ്ഞു. മറ്റുരാജ്യങ്ങൾക്കൊപ്പമോ അതിനേക്കാൾ മുന്നിലോ കേരളത്തിന്റെ വൈദ്യ ശാസ്ത്ര മേഖല മുന്നേറാൻ കാരണമായത് ഇത്തരം മഹാരഥന്മാരായ ഡോക്ടർമാരുടെ സേവനം കാരണമാണ്. അത്തരം ഡോക്ടർമാരെ ആദരിക്കാൻ കേരളകൗമുദി തയ്യാറായത് ഏറ്റവും മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.