തുടരന്വേഷണ ഹർജിയിൽ വിധി 8 ന്


തിരുവനന്തപുരം: കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന സി. ബി.ഐ സംഘം കേസ് ഡയറി കോടതിയിൽ ഹാജരാക്കി. ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച രഹസ്യ രേഖകളെ കുറിച്ച് അന്വേഷണം നടത്തിയോ എന്നറിയാൻ കേസ് ഡയറി പരിശോധിക്കാനാണ് കോടതി ഇതു ഹാജരാക്കാൻ നിർദേശിച്ചത് . കേസ് ഡയറിയുടെ വിശദ പരിശോധനയക്ക് ശേഷമാകും തുടരന്വേഷണമെന്ന ആവശ്യം കോടതി പരിഗണിക്കുക. ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിക്കുന്നത്. തുടരന്വേഷണ ഹർജിയിൽ മേയ് എട്ടിന് വിധി പറയും.
ജസ്നയുടെ വീട്ടിൽ നിന്ന് സാധനങ്ങളും രേഖകളും കണ്ടെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്തില്ലെന്നും ജസ്നയുടെ അജ്ഞാത സുഹൃത്തിലേക്ക് അന്വേഷണം നീണ്ടില്ലെന്നതും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ജസ്നയുടെ പിതാവ് ഉന്നയിക്കുന്നത്. തന്റെ സ്വകാര്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോകളടക്കമുളള ഡിജിറ്റൽ തെളിവുകളും മുദ്രവച്ച കവറിൽ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി രേഖകൾ പരിശോധിക്കുകയും വീണ്ടും മുദ്രവച്ച് സൂക്ഷിക്കുകയും ചെയ്തു.