തിരുവനന്തപുരം: ആക്കുളം ടൂറിസം വില്ലേജിൽ കേടുവരുത്തിയ ഗ്രാസ് ബ്രിഡ്ജിന്റെ ചില്ലുപാളികൾ മാറ്റി സ്ഥാപിച്ചു.
ചില്ലുപാലത്തിന്റെ ചില്ലുപാളികളും നിർമ്മാണസാമഗ്രികളും നശിപ്പിച്ച സംഭവത്തിൽ ശ്രീകാര്യം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പാലത്തിലേക്ക് കയറുന്ന ഭാഗത്തെ ഗ്ലാസിൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയതോടെ പരിപാലന ചുമതലയുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ– ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്‌കോസ്) ആണ് പരാതി നൽകിയത്. നിർമ്മാണത്തിനായി കൊണ്ടുവന്ന പ്രത്യേകം തയ്യാറാക്കിയ മൂന്നുപാളികളുള്ള കണ്ണാടിപ്പാളിയിൽ മാരകായുധം ഉപയോഗിച്ച് ശക്തിയായി അടിച്ചു കേടുവരുത്താനാണ് ശ്രമിച്ചത്. കണ്ണാടിപ്പാളി നിർമ്മിച്ച കമ്പനിയിലെ എൻജിനിയർമാരും സാങ്കേതിക വിദഗ്ദ്ധരുടെയും നേതൃത്വത്തിലാണ് ചില്ലു പാളികൾ സ്ഥാപിച്ചത്. പാലത്തിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ചയോടെ പൂർത്തിയാക്കും. വിവിധ ഏജൻസികളുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കി അടുത്ത മാസം ആദ്യവാരത്തിൽ തന്നെ കേരളത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലം ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് വൈബ്കോസ് ഡയറക്ടർ കൂടിയായ എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു.