പോത്തൻകോട്: കുളത്തിൽ കുളിക്കാനിറങ്ങിയ പോത്തൻകോട് സ്വദേശികളായ ദമ്പതികളുടെ മരണം അനാഥരാക്കിയത് രണ്ട് കുരുന്നുകളെ. അഞ്ചും എട്ടും വയസുള്ള കുട്ടികൾക്ക് അച്ഛനെയും അമ്മയെയും ഒരുമിച്ച് നഷ്ടമായതിന്റെ നടുക്കത്തിലാണ് നന്നാട്ടുകാവ് നിവാസികൾ. കഴിഞ്ഞ ദിവസം കൊട്ടിയം മുട്ടക്കാവ് പാകിസ്ഥാൻമുക്ക് മുളവറക്കുന്ന് കാഞ്ഞിരവയൽ വണ്ടിച്ചാലിൽ കുളിക്കാൻ ഇറങ്ങിയ ദമ്പതികളും പോത്തൻകോട് സ്വദേശികളുമായ സബീർ (40), സുമയ്യ (35) എന്നിവരുടെ വിയോഗം കാരണം മക്കളായ നന്നാട്ടുകാവ് ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികളുമായ മുഹമ്മദ് ഇർഫാൻ(5), മുഹമ്മദ് ഫർഹാൻ (8) എന്നിവരാണ് അനാഥരായത്.
ഇവരുടെ കുടുംബ സുഹൃത്തും അയൽലാസിയുമായ കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തിൽ അർഷാദിന്റെ ഭാര്യ ഷജീന(30)യും അപകടത്തിൽ മരിച്ചിരുന്നു. പോത്തൻകോട് മീൻ കച്ചവടം നടത്തിയിരുന്ന സബീറും സുമയ്യയും രണ്ടാഴ്ച മുമ്പാണ് പാകിസ്ഥാൻമുക്ക് തൈക്കാവിന് സമീപം വീട് ലീസിനെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് മൂന്നുപേരും കുളത്തിൽ താണത്. നാട്ടുകാർ ചേർന്നാണ് സബീറിനെയും സുമയ്യയെയും കുളത്തിൽനിന്ന് പുറത്തെടുത്തത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും കുളത്തിൽ വീണ്ടും നടത്തിയ തിരച്ചിലിലാണ് സജീനയുടെ മൃതദേഹം കണ്ടെത്തിയത്. അൽഅമീൻ, അൽസീന എന്നിവരാണ് സജീനയുടെ മക്കൾ.