തിരുവനന്തപുരം: മേയർ ആര്യാ രജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാർ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ നിറുത്തിയിട്ട സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കോടതി നിർദ്ദേശാനുസരണം കേസെടുത്തു. ആര്യ രാജേന്ദ്രൻ,​ ഭർത്താവ് സച്ചിൻദേവ് എം.എൽ.എ കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർ എന്നിവരെ പ്രതികളാക്കിയാണ് കേസ്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 30ന് ഹർജി നൽകിയിരുന്നു. ഇന്നലെ വൈകിട്ട് കേസെടുക്കാൻ നിർദ്ദേശിച്ചു. രാത്രി വൈകി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ജോലി തടസപ്പെടുത്തി,​ ഗതാഗത തടസമുണ്ടാക്കി,​ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.