തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിട്ട് ഇന്ന് നാലു ദിവസമാകുന്നു. ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംയുക്ത സമരസമിതി സമരം കടുപ്പിച്ചതോടെ 90% ഗ്രൗണ്ടുകളും നിശ്ചലമായി.ടെസ്റ്റിനായി പണമടച്ച് കാത്തിരിക്കുന്നവർ വലയുകയാണ്.
പുതുക്കിയ ഓർഡർ അനുസരിച്ച് ഓരോ ആർ.ടി.ഒ ഓഫീസിനുകീഴിലും ദിവസം 40 ടെസ്റ്രുകൾക്കാണ് അനുമതി. ഇത് അറുപതാക്കണമെന്നും ജില്ല ആസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ച് ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഡ്രൈവിംഗ് ടെസ്റ്റിന് അഡിഷണൽ ക്ളച്ചും ബ്രേക്കും ഇല്ലാത്ത വാഹനങ്ങൾ കൊണ്ടുവരണമെന്നും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് പാടില്ലെന്നുമുള്ള പുതിയ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
എ.കെ.എം.ഡി.എസ്, ബി.എം.എസ്, ഡി.എസ്.ഒ.കെ എന്നീ സംഘടനകളാണ് സമരരംഗത്തുള്ളത്.
ഇന്നു രാവിലെ എല്ലാ ജില്ല ഡ്രൈവിംഗ് കേന്ദ്രങ്ങളിലും ധർണ നടത്തുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. പ്രസാദ് അറിയിച്ചു. പരിഷ്കാരത്തിനെതിരെ വൈകാതെ സെക്രട്ടേറിയറ്റ് ധർണയും സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രതിഷേധത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയാണ് ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ( സി.ഐ.ടി.യു) എങ്കിലും സമരക്കാരെ തടയില്ലെന്ന് ജനറൽസെക്രട്ടറി സി.ടി. അനിൽ അറിയിച്ചു.