തിരുവനന്തപുരം: ചട്ടമ്പിസ്വാമി പകർന്നുനൽകിയ പാഠങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കണമെന്നും അതാണ് ഏറ്റവും വലിയ ഗുരുപൂജയെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഒരുവർഷമായി നടത്തിവരുന്ന ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി സ്മൃതിപൂജാവർഷത്തിന്റെ സമാപനസമ്മേളനം പി.എം.ജി യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലിന്റെ മഹത്വം മലയാളിയെ പഠിപ്പിച്ച ജീവിതമാണ് ചട്ടമ്പിസ്വാമിയുടേത്. ജീവാത്മാവ് പരമാത്മാവിൽ ഐക്യം പ്രാപിച്ച് പരമാത്മാവാകുന്ന സമാധിദിനം ദുഃഖിക്കേണ്ട ദിവസമല്ല. സ്വാർത്ഥത ലേശം പോലുമില്ലാത്ത ജീവിതമായിരുന്നു ചട്ടമ്പി സ്വാമിയുടേത്. ആദ്ധ്യാത്മിക രംഗത്തേക്ക് എത്തുന്നവർ കുറയുന്ന ഇന്നത്തെക്കാലത്ത് അദ്ദേഹത്തിന്റെ ആദർശങ്ങളും ഗ്രന്ഥങ്ങളും കൂടുതൽ പഠിപ്പിക്കണം. നിലവിൽ സ്വാമി പകർന്നുനൽകിയ മൂല്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌മൃതിപൂജാവർഷ കമ്മിറ്റി ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ.പദ്മകുമാർ, ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കൺവീനർ ജി.വിജയകുമാർ, ട്രഷറർ ഗോപൻ ശാസ്തമംഗംലം, ഹൃദ്‌രോഗവിദഗ്ദ്ധൻ ഡോ.ആർ.അജയകുമാർ, തിരുമല മാധവസ്വാമി ആശ്രമത്തിലെ ജനാർദ്ദനൻ പിള്ള, സബീർ തിരുമല തുടങ്ങിയവർ പങ്കെടുത്തു.