ചിറയിൻകീഴ്: ചിറയിൻകീഴ് അഞ്ചൽ ഓഫീസ് മന്ദിര മതിൽക്കെട്ടിനകത്ത് തീപിടിച്ചു. കാടും പടർപ്പുമായി കിടന്ന ഇടമായതിനാൽ തീ ആളിക്കത്തിയതോടെയാണ് സമീപവാസികൾ അറിഞ്ഞത്. ഉടൻ സമീപത്ത് നിന്ന് വെള്ളമെത്തിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി. കാലപ്പഴക്കത്തിന്റെ ജീർണത ബാധിച്ച് മേൽക്കൂരയെല്ലാം അടർന്ന് മാറി ചുവരുകൾ മാത്രമായി നിലകൊള്ളുകയാണ് നിലവിൽ ചിറയിൻകീഴ് അഞ്ചൽ ഓഫീസ് മന്ദിരം. ഓഫീസ് പ്രവർത്തനരഹിതമായതിനാൽ കാടും പടർപ്പും പടർന്നു കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.