തിരുവനന്തപുരം: കാപ്പ കേസ് പ്രതിയുടെ ഭാര്യ കള്ളക്കേസ് നൽകി ബുദ്ധിമുട്ടിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്‌മ. കരിക്കകം വായനശാല ജംഗ്ഷന് സമീപം താമസിക്കുന്ന സുജിത്ത് കൃഷ്‌ണയുടെ ഭാര്യ നാട്ടുകാർക്കെതിരെ പോക്സോ ഉൾപ്പെടെ കള്ളക്കേസ് നൽകുന്നതായാണ് പരാതി. 32 കേസുകളിൽ പ്രതിയായ സുജിത്ത് കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് ഭാര്യ വ്യാജ പരാതികൾ നൽകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജനകീയ കൂട്ടായ്‌മ വ്യക്തമാക്കി. ഇന്നലെ കരിക്കകം വായനശാല ജംഗ്ഷനിൽ ചേർന്ന കൂട്ടായ്‌മ വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ ഉദ്‌ഘാടനം ചെയ്തു. വി.ജെ. മുരളി, മുൻ കൗൺസിലർമാരായ സുരേഷ്,എസ്.രതീന്ദ്രൻ,വസന്തരാജ്,അശ്വതി മധുസൂദനൻ,സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേഷ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി നന്ദൻ എന്നിവരും നൂറോളം നാട്ടുകാരും പങ്കടുത്തു.