
ബാലരാമപുരം: നരുവാമൂട് അമ്മാനൂർക്കോണത്ത് പാറവിളയിൽ സ്വകാര്യവ്യക്തിയുടെ ഫർണിച്ചർ ഗോഡൗൺ അഗ്നിക്കിരയായി. ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ടം. മണിക്കൂറുകൾ തീ ആളിക്കത്തിയത് നാട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. നരുവാമൂട് പാറവിളയിൽ പൊലീസ് ബാൻഡ് വിഭാഗം റിട്ട.എസ്.ഐ വിജയന്റെ (ബാബു) മുപ്പത് വർഷത്തോളം പഴക്കമുള്ള ഫർണിച്ചർ ഗോഡൗണാണ് തീപിടിച്ചത്.
തേക്ക്, ഈട്ടി തുടങ്ങി വിലയേറിയ ഫർണിച്ചർ സാമഗ്രികളാണ് കത്തി നശിച്ചത്. ഗോഡൗണിന് സമീപത്തെ കരിയിലക്കൂട്ടത്തിൽ നിന്ന് തീ ആളിക്കത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.അഗ്നി പടർന്നത് സംബന്ധിച്ച് ഇതേവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഫർണിച്ചർ ഗേൗഡൗണിൽ പത്തോളം ജീവനക്കാരുണ്ട്. ഇന്നലെ അവധിയായതിനാൽ ഗോഡൗൺ പ്രവർത്തിച്ചിരുന്നില്ല.
നെയ്യാറ്റിൻകര, ചെങ്കൽചൂള, നെയ്യാർഡാം,വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നും 12 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.രാത്രി 7 ഓടെ തീ നിയന്ത്രണവിധേയമാക്കി. തീ പടരുന്നതായി നാട്ടുകാരാണ് ഫയർഫോഴ്സിനെ അറിയിച്ചത്. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ദുരന്തത്തിന്റെ തോതുകുറച്ചു. ഇലക്ട്രിക് ലൈനിലെ വയറുകളും കത്തിനശിച്ചു. മിനിട്ടുകൾക്കുള്ളിൽ വിവിധ യൂണിറ്റുകളിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി.നാട്ടുകാരും തീ കെടുത്താൻ പൊലീസ് ഫയർഫോഴ്സ് സേനയോടൊപ്പം ചേർന്നു.
സംഭവം പകലായതിനാൽ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. സമീപത്ത് നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.ഒരേക്കറോളം വരുന്ന ഗോഡൗണിന് സമീപത്തെ തെങ്ങുകൾ അഗ്നിക്കിരയായി നിലംപതിച്ചു. കേൗമ്പൗണ്ടിനു സമീപം കെട്ടിയിരുന്ന പശുക്കിടാങ്ങളെ നാട്ടുകാർ പെട്ടെന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റിപാർപ്പിച്ചു.
വേനൽച്ചൂടിന്റെ കാഠിന്യമേറിയതിനാൽ കാറ്റിന്റെ വേഗതയിൽ തീ ആളിക്കത്തുകയായിരുന്നു. ഷീറ്റ് മേഞ്ഞ മേൽക്കൂരയും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ജനൽ, കട്ടളവാതിൽ, തടികൾ എന്നിവയും കത്തിനശിച്ചു.ഗേൗഡൗണിന്റെ അനുമതി സംബന്ധിച്ച് പഞ്ചായത്ത് അധികൃതരോട് പൊലീസ് വിശദീകരണം തേടിയിരിക്കുകയാണ്.ചെങ്കൽച്ചൂള സ്റ്റേഷൻ ഓഫീസർ അനീഷ്, നെയ്യാറ്റിൻകര സ്റ്റേഷൻ ഓഫീസർ രൂപേഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.