വിതുര: തൊളിക്കോട് പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷം. പഞ്ചായത്തിലെ തേവൻപാറ,തുരുത്തി,ആനപ്പെട്ടി,പനയ്ക്കോട്,പുളിച്ചാമല,പരപ്പാറ,തൊളിക്കോട് ടൗൺ,തൊളിക്കോട്,പുളിമൂട് വാർഡുകൾ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലമർന്നിട്ട് രണ്ട് മാസമായി. നിലവിൽ ഒരുമാസമായി നാട്ടുകാർ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. പ്രദേശത്തെ മിക്ക മേഖലകളിലേയും കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. നീരുറവകളും നീർച്ചാലുകളും വറ്റി. പഞ്ചായത്തിലെ വയലുകൾ മുഴുവൻ നികത്തിയതും കുടിവെള്ളക്ഷാമത്തിന് കാരണമായിട്ടുണ്ട്. കഠിനമായ ചൂട് കാരണം കൃഷികൾ ഉണങ്ങി നശിച്ചുതുടങ്ങി.

പഞ്ചായത്തിലെ മിക്ക മേഖലകളിലും പൈപ്പ് ലൈനുകൾ കടന്നുവന്നിട്ടില്ല. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും മിക്ക ടാപ്പുകളിലും വെള്ളത്തിന് പകരം വായുവാണ് ലഭിക്കുന്നത്. എല്ലാ വർഷവും വേനൽക്കാലത്ത് തൊളിക്കോട് മേഖലയിൽ കുടിവെള്ളക്ഷാമം നേരിടാറുണ്ട്. ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ശുദ്ധജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായില്ല.

മേടച്ചൂടും ഇടവപ്പാതിയും

മലയോര മേഖലയിൽ ഡിസംബറിലാണ് ശക്തമായ മഴ പെയ്തത്. അഞ്ച് മാസത്തിനിടയിൽ ഇടയ്ക്കിടക്ക് നേരിയ തോതിൽ വേനൽമഴ പെയ്തെങ്കിലും ഫലപ്രദമായില്ല. നിലവിൽ ചൂടുമൂലം മലയോരമേഖല വരണ്ടുണങ്ങിക്കിടക്കുകയാണ്. അതികഠിനമായ സൂര്യതപം മൂലം നദികളിലെ ജലനിരപ്പും ഗണ്യമായിക്കുറഞ്ഞു. തുരുത്തി,തേവൻപാറ,തേക്കുമൂട്,നാഗര മേഖലകളിലെ ജനങ്ങൾ നദിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണിപ്പോൾ. ഇക്കുറി തുലാവർഷം കാര്യമായി ലഭിക്കാതിരുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയാക്കിയിട്ടുണ്ട്. ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ആവിഷ്കരിക്കുന്ന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാത്തതാണ് വേനൽക്കാലത്ത് കുടിനീർക്ഷാമം വ‌ർദ്ധിക്കാനിടയാക്കുന്നത്. ഇടവപ്പാതി കോരിച്ചൊരിയുമെന്ന പ്രതീക്ഷയിലാണ് മലയോരനിവാസികൾ.

ടാങ്കറിൽ ജലം എത്തിക്കണം

തൊളിക്കോട് പഞ്ചായത്തിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് ടാങ്കർലോറികളിൽ അടിയന്തരമായി ശുദ്ധജല വിതരണം നടത്തണമെന്ന് യു.ഡി.എഫ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.ഉവൈസ്ഖാൻ,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്,തൊളിക്കോട് ടൗൺ വാർഡ് മെമ്പർ ഷെമിഷംനാദ്, ഷൈലജാ.ആർ.നായർ, തൊളിക്കോട് ഷാനവാസ്,എം.അൻവർ,തേവൻപാറനൗഷാദ്,എ.ബി.മുബാറക്ക്,തുരുത്തിവാർഡ് മെമ്പർ എൻ.എസ്.ഹാഷിം,തോട്ടുമുക്ക് സലീം,എ.സത്താർ,ബി.മോഹനൻനായർ, സന്തോഷ് ബൈജു, എം.എം.ബഷീർ,സജീദ്പുളിമൂ‌ട്, അഖിൽ ദിലീപ്,തൊളിക്കോട് ഷാൻ എന്നിവർ പങ്കെടുത്തു.

തൊളിക്കോട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണും. തൊളിക്കോട് വിതുര ശുദ്ധജലപദ്ധതി അടിയന്തരമായി പൂർത്തീകരിക്കും. സർക്കാർ അനുമതി ലഭിച്ചാലുടൻ എല്ലാ മേഖലകളിലും ടാങ്കർ ലോറികളിൽ ശുദ്ധജലവിതരണം നടത്തും.

അഡ്വ.വി.ജെ.സുരേഷ്,

തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്