1

ഉദ്ഘാടനം നീളുന്നു

വിഴിഞ്ഞം: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രം. പുതിയ മന്ദിര നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുകയാണിവിടെ. ദിവസവും നൂറുകണക്കിന് പേർ എത്തുന്ന ആശുപത്രിയാണ് വിഴിഞ്ഞത്തെ സാമൂഹ്യാരോഗ്യ കേന്ദ്രം. പുതിയ മന്ദിര നിർമ്മാണത്തിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനാൽ നിലവിൽ ആവശ്യത്തിന് സൗകര്യമില്ലാതായി. 2018ൽ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 3 നില കെട്ടിട നിർമ്മാണം ആരംഭിച്ചു. ഇതിൽ നാലാമത്തെ നില അദാനി തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാപദ്ധതി പ്രകാരം നിർമ്മിക്കുകയും ചെയ്തു. കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഒരു വർഷമായിട്ടും ഉദ്ഘാടനം എങ്ങുമെത്തിയില്ല.

 ഫയർഫോഴ്സിന്റെ അനുമതിയില്ല

ആശുപത്രിയിലേക്ക് ഫയർ ഫോഴ്സിനു ഒരേ സമയം വന്നു പോകുന്നതിനുള്ള റോഡ് സൗകര്യമില്ലാത്തതിനാൽ ബഹുനില മന്ദിരത്തിന് ഫയർഫോഴ്സിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമെന്ന് അധികൃതർ പറയുന്നു. നിലവിൽ തിയേറ്റർ ജംഗ്ഷനിൽ നിന്നും ആശുപത്രിയിലേക്ക് റോഡ് ഉണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ല. റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുക്കാൻ പ്രദേശവാസികൾ തയാറാണെങ്കിലും ഭൂമിക്ക് വില നൽകാൻ സർക്കാരിന് ഫണ്ടില്ലാത്തത് തിരിച്ചടിയാണ്.

ആവശ്യം

കെട്ടിടം പൂർത്തിയായെങ്കിലും പൂർണമായും പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ 40 ഓളം ജീവനക്കാരെയും ഗൈനക്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവയും അനുവദിക്കണം. ആശുപത്രിക്ക് മുന്നിലെ കല്ലുവെട്ടാൻകുഴി തിയേറ്റർ ജംഗ്ഷൻ റോഡ് വീതി കൂട്ടേണ്ടത് ആവശ്യമാണ്.

 സൗകര്യങ്ങൾ

1. ഭൂഗർഭനിലയിൽ പാർക്കിംഗ് സൗകര്യവും ഫാർമസിയും

2. ഒന്നാം നിലയിൽ 5 ഒ.പിയും ലാബും

3. രണ്ടാം നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കുമായി 36 കിടക്കകളുള്ള വാർഡുകൾ

4. മൂന്നാം നിലയിൽ പ്രസവമുറിയും ഓപ്പറേഷൻ തിയേറ്ററുകളും അനുബന്ധ സൗകര്യങ്ങളും

5. 4 നിലകളിലേക്കും രോഗികൾക്കും ജീവനക്കാർക്കുമായി ലിഫ്ട് സൗകര്യം