തിരുവനന്തപുരം: അന്തരീക്ഷതാപനില ക്രമാതീതമായി ഉയർന്നതോടെ പാൽ ഉത്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ ക്ഷീരകർഷകരുടെ വരുമാനവും ഇടിഞ്ഞു.
പ്രതിദിനം മിൽമയിൽ എത്തുന്ന പാലിൽ രണ്ടരലക്ഷം ലിറ്ററാണ് കുറഞ്ഞത്. വീടുകളിൽ നിന്നു നേരിട്ട് വിൽക്കുന്നതുകൂടി കണക്കിലെടുത്താൽ ഏകദേശം 6.5 ലക്ഷം ലിറ്ററിന്റെ കുറവാണ് പ്രതിദിനം ഉണ്ടായത്.
സാധാരണ കാലാവസ്ഥയിൽ ഒരു പശുവിൽ നിന്നു ശരാശരി 18 -20 ലിറ്റർ പാൽ ലഭിച്ചിരുന്നു.
പാൽ വിറ്റുകിട്ടുന്ന തുകയുടെ പകുതിയോളം പശുവിന്റെ പരിപാലനത്തിന് വേണ്ടിവരും. ഇപ്പോൾ കിട്ടുന്ന തുക മുഴുവൻ തീറ്റയ്ക്കായി ചെലവാക്കേണ്ടിവരുന്നു.
മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും ഖരപദാർത്ഥങ്ങളുടെ അളവ് (എസ്.എൻ.എഫ്) 8.5 മില്ലി ലിറ്ററുമുള്ള പാലിന് ശരാശരി 44 രൂപവരെയാണ് ലഭിക്കുന്നത്. വേനൽക്കാലത്ത് പശുക്കൾ തീറ്റയെടുക്കുന്നത് കുറയുന്നതിനാൽ പാലിന്റെ ഗുണമേന്മയും കുറയും. ഇതു കാരണം വില പിന്നെയും താഴും. പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
ദിനംപ്രതി 30 കിലോയോളം പച്ചപ്പുല്ല് കൊടുക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പ് പറയുന്നത്. 40 ലിറ്ററിൽ കുറയാതെ വെള്ളവും വേണം. വേനൽക്കാലത്ത് പച്ചപ്പുല്ല് കിട്ടുന്നില്ല. ചൂട് പ്രതിരോധിക്കാനും പോഷകാഹാരം നിലനിറുത്താനും ധാതുലവണമിശ്രിതമാണ് നൽകുന്നത്. അതിനാകട്ടെ കൂടുതൽ ചെലവുമുണ്ട്. അതിർത്തിയിലെ പലസ്ഥലങ്ങളിലും ചോളത്തണ്ട് വിലയ്‌ക്ക് വാങ്ങിയാണ് നൽകുന്നത്.
2022 ഡിസംബറിലാണ് പാൽവില കൂട്ടിയത്. അതിനു ശേഷം പലപ്പോഴായി തീറ്റ, പിണ്ണാക്ക് എന്നിവയുടെ വില വർദ്ധിച്ചു. നഷ്ടം നികത്താൻ കാലിത്തീറ്റയും പിണ്ണാക്കും സബ്‌സിഡി നിരക്കിൽ സർക്കാർ ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
മിൽമ സംഭരണത്തിലെ
വേനൽക്കാല വ്യത്യാസം
(ലക്ഷം ലിറ്റർ)
മേഖല........................ജനുവരി..................ഏപ്രിൽ
മലബാർ.........................6.79............................5.65
എറണാകുളം................3.03............................2.44
തിരുവനന്തപുരം.........2.92............................2.40
മിൽമയുടെ
പ്രതിദിന വില്പന
14.5 ലക്ഷം ലിറ്റർ
അയൽസംസ്ഥാനങ്ങളിൽ
നിന്ന് മിൽമ വാങ്ങുന്നത്
4 ലക്ഷം ലിറ്റർ