nithin

കാട്ടാക്കട: യു.കെയിൽ ജോലി വാഗ്ദാനം ചെയ്‌ത് കാട്ടാക്കട സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തയാളെ ഡൽഹിയിൽ നിന്ന് അറസ്റ്റുചെയ്‌തു. ദക്ഷിണ കന്നഡ പുത്തൂർ ഉപ്പിനങ്ങാടി 119Aയിൽ നിതിൻ പി.ജോയ് ആണ് (35) പിടിയിലായത്.

കഴിഞ്ഞയാഴ്‌ച പ്രതി ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ വച്ച് അധികൃതർ തടഞ്ഞുവച്ച് കാട്ടാക്കട പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട സി.ഐ ലാൽ,എസ്.ഐ അലോഷ്യസ് അലക്‌സാണ്ടർ,സീനിയർ സി.പി.ഒമാരായ രതീഷ്,സജിത്,സി.പി.ഒമാരായ ലിയോ,പ്രശാന്ത് എന്നിവർ ഉൾപ്പെട്ട സംഘം ഡൽഹിയിലെത്തി കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ കഴിഞ്ഞ ദിവസം കാട്ടാക്കടയിലെത്തിക്കുകയായിരുന്നു.

നെയ്യാർഡാം മരുതുംമൂട് സജൻസിൽ നിന്നും കാട്ടാക്കട ചൂണ്ടുപലകയിൽ തേജസ് നിവാസിൽ താമസിക്കുന്ന കെ.ജി.അമ്പിളിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇവരുടെ മകൻ നിഖിൽ സാജന് യു.കെയിൽ പോകുന്നതിനായി പത്തുലക്ഷം വാങ്ങിയാണ് നിതിനും സുഹൃത്തും പാർട്ണറുമായ അരുണും വിസ നൽകിയത്. എംബസി പരിശോധനയ്‌ക്കെത്തിയപ്പോൾ വിസ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് നിഖിൽ സാജന് യൂറോപ്പിൽ പ്രവേശിക്കുന്നതിന് 10 വർഷത്തേക്ക് വിലക്ക് വന്നതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പല തവണകളായി 10.08 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. എറണാകുളം,പത്തനംതിട്ട ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

നിതിനും സുഹൃത്ത് അരുണും ചേർന്ന് എറണാകുളം കേന്ദ്രമാക്കി നടത്തുന്ന 'ഗ്ലോബൽ പ്ലസ് ഡേ' എന്ന ട്രാവൽ ഏജൻസി വഴിയാണ് തട്ടിപ്പ് നടത്തുന്നത്. കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതിനു പിന്നാലെ പ്രതികൾ വിദേശത്തേക്ക് കടക്കാൻ പദ്ധതി ആസൂത്രണം ചെയ്‌തതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.