നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ ലെമർ ബീച്ചിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ വൻതിരയിൽ പെട്ട് മരിച്ചു മൂന്ന് പേരെ മത്സ്യ തൊഴിലാളികൾ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. ടിന്റുകൽ, ഒട്ടംചത്രം സ്വദേശി മുരുഗേഷന്റെ മകൻ പ്രവീൺ ശ്യാം (24), നെയ്വേലി സ്വദേശി ബാബുവിന്റെ മകൾ ഗായത്രി (24), തഞ്ചാവൂർ സ്വദേശി ദുരൈ സെൽവന്റെ മകൾ ചാരുകവി(23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് (24), കന്യാകുമാരി സ്വദേശി പശുപതിയുടെ മകൻ സർവ ദർശിത് (23) എന്നിവരാണ് മരിച്ചത്.
തേനി, പെരിയകുളം, തായി കോളനി സ്വദേശി രാജാവേലിന്റെ മകൾ പ്രീതി പ്രിയങ്ക (23), കരൂർ സ്വദേശി സെല്വകുമാറിന്റെ മകൾ നെസി (24), മധുര സ്വദേശി ശ്രീനിവാസന്റെ മകൾ ശരണ്യാ (24) എന്നിവരാണ് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
തിരുച്ചി എസ്.ആർ.എം കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് എല്ലാപേരും. ഇന്നലെ രാവിലെ 10 മണിക്കാണ് ഗണപതിപുരത്തിന് സമീപമുള്ള ലെമർ ബീച്ചിാണ് ദുരന്തം. ആരും ഇറങ്ങരുതെന്ന നിർദ്ദേശം ലംഘിച്ചാണ് വിദ്യാർത്ഥികൾ ബീച്ചിലിറങ്ങിയത്. രാക്ഷസ തിരമാലയിൽപെട്ട് എട്ടുപേരും കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.ഓടിയെത്തിയ മത്സ്യബന്ധന തൊഴിലാളികൾ എല്ലാ പേരയും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അഞ്ചു പേർ നേരത്തെ തന്നെ മരിച്ചിതായി ഡോക്ടർമാർ അറിയിച്ചു.
മറ്റ് മൂന്നുപേരേ ആശുപത്രിയിലെ തീവ്രപരിചാരണ വിഭാഗത്തിലാക്കി. സംഭവസ്ഥലത്തും, ആശുപത്രിയിലും ജില്ലാ പൊലീസ് മേധാവി സുന്ദരവദനം പരിശോധന നടത്തി.തുടർന്ന് ബീച്ച് താത്ക്കാലികമായി അടക്കുകയും, വിനോദസഞ്ചാരികൾക്ക് ബീച്ചിലേക്ക് ഇറങ്ങാൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.