തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ലോഡ് ഷെഡ്ഡിംഡ് ഇല്ലെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. പകലും രാത്രിയുമുള്ള അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്നും കെ.എസ്.ഇ.ബി പിന്മാറണം. അഴിമതി ലക്ഷ്യമിട്ട് സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുത കരാർ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ പ്രതിസന്ധിയിൽ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാറുറപ്പിച്ചിരുന്നത്. എന്നാൽ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാർ റദ്ദാക്കിയത്. ഇതിനുപിന്നിൽ സർക്കാരിന്റെയും റെഗുലേറ്ററി കമ്മിഷന്റെയും ഗൂഢാലോചനയുണ്ടെന്നും സതീശൻ പറഞ്ഞു.