നെടുമങ്ങാട് : നഗരസഭയുടെ കീഴിലുള്ള വൃദ്ധസദനത്തിൽ അന്തേവാസികളുടെ പരിചരണം അവതാളത്തിലെന്ന് പരാതി. കെയർ ടേക്കറുടെ സേവനം ലഭ്യമാകാതായിട്ട് ഒരു മാസത്തോളമാവുന്നു.ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും അന്തേവാസികളാണ്. മെനു നിശ്ചയിച്ചിട്ടുണ്ടെങ്കിലും കൃത്യത പാലിക്കുന്നില്ല. ഏഴ് സ്ത്രീകൾ ഉൾപ്പടെ 13 പേരെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ് പലരും. വൃദ്ധസദനത്തിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുലിപ്പാറ വിനോദിന്റെ നേതൃത്വത്തിൽ നഗരസഭ അധികൃതർക്ക് നിവേദനം നൽകി. ഇതേസമയം, മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജയും വൈസ് ചെയർമാൻ എസ്.രവീന്ദ്രനും പ്രതികരിച്ചു.