വെള്ളറട: എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖാ പ്രസിഡന്റിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തിൽ സുദേവനെ (45) ആക്രമിച്ച പുല്ലന്തേരി തെക്കേനട ലക്ഷ്‌മി സദനത്തിൽ അമൽ എന്ന അനന്തുവാണ് (23) വെള്ളറട പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 9ഓടെയാണ് സംഭവം. പ്രതികൾ ആദ്യം സുദേവന്റെ വീടിന് മുന്നിലെത്തി അസഭ്യം വിളിച്ചു. ഇതുകേട്ട് പുറത്തിറങ്ങിയ സുദേവനെ ബൈക്കിലെത്തിയ മൂന്നംഗ ഗുണ്ടാസംഘം മുഖത്ത് കല്ലുകൊണ്ട് ഇടിച്ചശേഷം ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പുറത്തിറങ്ങിയ സുദേവന്റെ ചേട്ടൻ ഗോപൻ, അയൽവാസി സജാദ് എന്നിവരെയും ആക്രമിച്ചു. മർദ്ദനത്തിൽ സുദേവന്റെ രണ്ട് പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സുദേവൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് - ഗുണ്ടാസംഘമാണെന്ന് സ്ഥലവാസികൾ പറയുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖയുടെ നേതൃത്വത്തിൽ പുല്ലന്തേരിയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രതികളെ അറസ്റ്റുചെയ്യണമെന്നും അക്രമികൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.