maya

കാട്ടാക്കട: വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാട്ടാക്കട മുതിയവിള കാവുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാ മുരളി(37)യാണ് മരിച്ചത്. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലാണ്. ഇന്നലെ രാവിലെ10.30തോടെ ടാപ്പിംഗ് തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്.

മായാമുരളി കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ താമസിച്ചു വരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടാം ഭർത്താവ് രഞ്ജിത് (31) വീട് വാടകയ്ക്ക് എടുക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നു. മരണത്തിനുശേഷം ഇയാളെ കാണാനില്ല. വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായും അജ്ഞാതനായ ഒരാൾ ഇടയ്ക്കിടെ ഇവിടെ വന്നുപോയിരുന്നതായും നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മായമുരളിയുടെ ആദ്യ ഭർത്താവ് മനോജ് എട്ട് വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു.ഇവർക്ക് 8 ഉം 11 ഉം വയസുള്ള 2 പെൺകുട്ടികളാണ്. 2 കുട്ടികളെയും ഉപേക്ഷിച്ച് ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തുമായി ഒരുമിച്ചു താമസം തുടങ്ങിയത്. രഞ്ജിത്തിനെതിരെ പേരൂർക്കട പൊലീസിൽ കേസുകൾ ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.രണ്ട് ദിവസത്തിന് മുൻപ് മായ മുരളിയും രഞ്ജിത്തുമായി മുതിയവിളയിൽ തർക്കവും വഴക്കും നടന്നിരുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

രണ്ട് ദിവസം മുമ്പ് ,മാതാവിന്റെ ജീവിതം സുരക്ഷിതമല്ലെന്നു കാണിച്ച് മായ മുരളിയുടെ മക്കൾ പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും പ്രായപൂർത്തിയാകാത്തവരുടെ പരാതി സ്വീകരിക്കില്ലെന്നുപറഞ്ഞ് തിരിച്ചയച്ചു.എന്നാൽ, പൊലീസ് മായാമുരളിയുടെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും അടുത്ത ദിവസം സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു.