പോത്തൻകോട്: ഭാരതീയ സനാതനധർമ്മത്തിൽ കരുണാകര ഗുരുവിന്റെ സ്ഥാനം വളരെ വലുതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ 25-ാമത് നവഒലി ജ്യോതിർ ദിനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുക്കന്മാർ കാലാകാലങ്ങളിൽ പകർന്ന വെളിച്ചമാണ് രാജ്യത്തെ മുന്നോട്ടു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. കുമ്മനം രാജശേഖരൻ പുസ്‌തക പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ എ.എ.റഹീം എം.പി,എം.എൽ.എമാരായ ഡി.കെ.മുരളി,കടകംപള്ളി സുരേന്ദ്രൻ,വി.ജോയി,ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി,ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,ചെമ്പഴന്തി ഗുരുകുലത്തിലെ സ്വാമി അഭയാനന്ദ, കോലിയക്കോട് എൻ.കൃഷ്‌ണൻ നായർ, കെ.എസ്.ശബരീനാഥൻ എന്നിവർ സംസാരിച്ചു.
വൈകിട്ട് ദീപ പ്രദക്ഷിണം നടന്നു. ഗുരു ആദിസങ്കല്പത്തിൽ ലയിച്ച സമയമായ രാത്രി 9 മുതൽ 9.30 വരെ പ്രാർത്ഥനയും സന്യാസ സംഘത്തിന്റെയും ബ്രഹ്മചര്യ സംഘത്തിന്റെയും പുഷ്‌പാഞ്ജലിയും വാദ്യമേളങ്ങളും അരങ്ങേറി. ഇന്ന് ദിവ്യപൂജാസമർപ്പണം.