പറയാൻ ആഗ്രഹിച്ചതും അനുഭവിച്ചറിഞ്ഞതുമായ ജീവിത സാഹചര്യങ്ങളെ സിനിമയിലൂടെ വരച്ചുകാട്ടിയ സംവിധായകനാണ് കെ. ഹരികുമാർ. ചലച്ചിത്ര സപര്യയുടെ എല്ലാ ഘട്ടത്തിലും എഴുത്തുകാരെ അദ്ദേഹം കൂടെക്കൂട്ടി. പെരുമ്പടവം ശ്രീധരൻ തിരക്കഥ ഒരുക്കിയ ആമ്പൽപ്പൂവ് മുതൽ എം. മുകുന്ദന്റെ തൂലികയിൽ പിറന്ന ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന അവസാന സിനിമ വരെ ഹരികുമാർ എഴുത്തുകാരോട് കൈകോർത്തുനടന്നു. ബാലചന്ദ്രൻ ചുള്ളിക്കാട്, എം.ടി. വാസുദേവൻ നായർ, എസ്.ആർ. സുരേന്ദ്രൻ, ലോഹിതദാസ്, കലൂർ ഡെന്നിസ്, കെ.വി. മോഹൻകുമാർ തുടങ്ങി നിരവധി എഴുത്തുകാരെ ഹരികുമാർ തന്റെ സിനിമകളുടെ ഭാഗമാക്കി. സിനിമ എന്ന മാദ്ധ്യമത്തെ മനസിലാക്കുന്ന ഒരു സാഹിത്യകാരൻ കൂടിയായിരുന്നു ഹരികുമാർ എന്നത് അദ്ദേഹത്തോടുള്ള സ്നേഹം ഇരട്ടിപ്പിച്ചു.
ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ദൂരദർശനുവേണ്ടി ഹ്രസ്വചിത്രം ഒരുക്കിയപ്പോൾ അദ്ദേഹത്തോടൊപ്പം ഞാൻ സംവിധാനത്തിൽ പങ്കാളിയായി. ഒരു സിനിമ ചെയ്യുമ്പോൾ അതിലെ കഥാപാത്രങ്ങളുടെ മനസറിഞ്ഞ് ദൃശ്യവത്കരിക്കുകയെന്നതാണ് പ്രധാനം. ആ മാജിക് ഹരികുമാറിലുണ്ട്. അത് അദ്ദേഹത്തിന് സാഹിത്യം അറിയുന്നതുകൊണ്ടാണ്, എഴുത്തുകാരുടെ മനസറിയാവുന്നതുകൊണ്ടാണ്.
1990 മുതലുള്ള പരിചയമാണ് അദ്ദേഹവുമായുള്ളത്. എന്റെ കഥകൾ വായിച്ചറിഞ്ഞാണ് അദ്ദേഹം പരിചയപ്പെടുന്നത്. ഒരു ജ്യേഷ്ഠസഹോദരന്റെ സ്ഥാനത്തു നിൽക്കുമ്പോഴും എതിർപ്പുകൾ തുറന്നു പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്. അത്രമേൽ സൗഹൃദവും അടുപ്പവും ഹരികുമാറുമായി നിലനിറുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ ലോകത്തോട് വിടപറയുന്നെങ്കിലും ചലച്ചിത്ര രംഗത്തിന് നൽകിയ മഹനീയ സംഭാവനകളിലൂടെ ഹരികുമാർ മലയാളിയുടെ സ്മരണയിൽ നിറഞ്ഞുനിൽക്കും.