lords

തിരുവനന്തപുരം: ആനയറ മഹാരാജാസ് ഗാർഡൻസിലെ സ്വീവേജ് ലൈനിനായി കൂറ്റൻ എച്ച്.ഡി.പി.ഇ പൈപ്പുകൾ സ്ഥാപിക്കണ്ടെന്ന് ജല അതോറിട്ടി തീരുമാനം. പകരം എം.എസ് കേസിംഗ് പൈപ്പുകൾ ഇടും. പൈപ്പുകൾ യഥാസമയം സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തിയ കരാറുകാരൻ ഉദയബാബുവിനെ ജലഅതോറിട്ടി പുറത്താക്കി.

കഴിഞ്ഞ മേയിലാണ് ഇവിടെ സ്വീവേജ് ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചത്. കൂറ്റൻ പൈപ്പുകൾ ആനയറ- ബൈപ്പാസ് റോഡിൽ ഇറക്കിയിട്ടിരുന്നതിനാൽ രണ്ടുമാസത്തോളം ജനങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. കേരളകൗമുദിയാണ് ജനങ്ങളുടെ ദുരിതം പുറത്തുകൊണ്ടുവന്നത്. പ്രതിഷേധത്തെ തുടർന്ന് ജൂലായ് അവസാനത്തോടെ പണികൾ നിറുത്തി. കരാറുകാരനെ ഒഴിവാക്കി. എന്നാൽ ഹൈക്കോടതി വിധിയെത്തുടർന്ന് മടങ്ങിയെത്തി.

കോടതി നിർദ്ദേശമുള്ളതിനാൽ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞമാസം 4ന് ഉദയാബാബുവിനെ ജല അതോറിട്ടി അനുവാദം നൽകി. 15 ദിവസത്തിനകം പണി പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ,​ ഒരു മാസമായിട്ടും പണി തീരാത്തതിനെത്തുടർന്ന് ജല അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ഇയാളെ ടെർമിനേറ്റ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. അതോറിട്ടിക്കുണ്ടായ നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കാൻ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു.

സ്വീവേജ് ലൈനിനായി 900 എം.എം എച്ച്.ഡി.പി.ഇ പൈപ്പിടാനാണ് ജല അതോറിട്ടി തീരുമാനിച്ചിരുന്നത്. ജോലികൾ പുനരാരംഭിച്ചപ്പോൾ കൂറ്റൻ പൈപ്പുകൾ കൂട്ടിയോജിപ്പിച്ച് ബൈപ്പാസ് റോഡിന്റെ വശത്ത് വച്ചിരുന്നു. ബൈപ്പാസിന് കുറുകെ തുരങ്കമുണ്ടാക്കി പൈപ്പിടാനായിരുന്നു തീരുമാനം. ഇന്നലെ പൈപ്പുകൾ തുരങ്കത്തിലേക്ക് വലിച്ചിടാൻ കരാറുകാരന് സമയം നൽകിയിരുന്നെങ്കിലും വാക്ക് പാലിച്ചില്ല.

പ്ളാൻ ബി

തുരങ്കനിർമ്മാണത്തെ തുടർന്ന് ബൈപ്പാസ്- കരിക്കകം റോഡ് രണ്ടുമീറ്ററോളം താഴ്ന്ന് അപകടഭീഷണി സൃഷ്ടിച്ചിരുന്നു. ഇത് ഇന്ന് രാവിലെ ദേശീയപാത അതോറിട്ടി ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കും. ജല അതോറിട്ടി ചെലവ് വഹിക്കും. 1,100 എം.എം എം.എസ് പൈപ്പുകളും സ്ഥാപിക്കും. അതിനായി ദേശീയപാത അതോറിട്ടിയിൽ നിന്ന് ജല അതോറിട്ടി അനുമതി വാങ്ങി. മുട്ടത്തറയിലെ പ്ളാന്റിൽ ആവശ്യത്തിന് പൈപ്പുണ്ട്. ലോർഡ്സ് ആശുപത്രി റോഡിൽ യോജിപ്പിച്ച് വച്ചിരിക്കുന്ന പൈപ്പുകൾ സമീപത്തെ പറമ്പിലേക്ക് മാറ്റുന്നതിനുള്ള ജോലി ഇന്നലെ രാത്രി തുടങ്ങി. ഈ പൈപ്പുകൾ ഉടൻ വെള്ളയമ്പലം ഓഫീസിലേക്ക് മാറ്റും. തുടർന്ന് സർവീസ് റോഡിലെ കുഴികൾ മൂടി, മതിലും ഓടയും പുനർനിർമ്മിച്ച് റോഡ് ഗതാഗത യോഗ്യമാക്കും.