തിരുവനന്തപുരം : സംവിധായകൻ ഹരികുമാറിന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ചടത്തോളം അപരിഹാര്യമായ നഷ്ടമാണെന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ അനുശോചിച്ചു. എല്ലാ അർത്ഥത്തിലും പ്രതിഭാധനനായ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. ഹരികുമാറിന്റെ ഓരോ സിനിമകളും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടുനിന്നു. എല്ലാ സിനിമകളിലും ഹരികുമാറിന്റേതായ ഒരു ടച്ച് കാഴ്ചക്കാർക്ക് അനുഭവിക്കാനാവും. സുകൃതത്തിൽ തുടങ്ങി അവസാനചിത്രമായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽവരെ ഇതു ദർശിക്കാം. ക്ളിന്റ് എന്ന സിനിമയും വേറിട്ടുനിൽക്കുന്നു. കലാമൂല്യത്തിന്റെയും വാണിജ്യചേരുവകളുടെയും സമന്വയമായിരുന്നു ഹരികുമാറിന്റെ സിനിമകൾ. ശരിക്ക് പറഞ്ഞാൽ ഇവയ്ക്ക് രണ്ടിനും ഇടയിലെ മദ്ധ്യവർത്തി സിനിമകളായിരുന്നു അദ്ദേഹം സൃഷ്ടിച്ചത്. കെ.ജി.ജോർജ്, പദ്മരാജൻ​ തുടങ്ങിയവരുടെ ശ്രേണിയിലാണ് ഹരികുമാറിന് ഇടം. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ചലച്ചിത്രകലയുടെ സർവതലങ്ങളിലും പ്രതിഭ അടയാളപ്പെടുത്തിയാണ് ഹരികുമാർ വിടവാങ്ങുന്നത്.