രാജമഹേന്ദ്രവരം: വൈ.എസ്.ആർ കോൺഗ്രസ് ഭരണത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി ആന്ധ്രാപ്രദേശിൽ ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം പിൻസീറ്റിൽ പോയപ്പോൾ അഴിമതി കൊടുമുടിയിലെത്തിയെന്നും അദ്ദേഹം ആരോപിച്ചു. രാജമഹേന്ദ്രവാരത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
സംസ്ഥാനത്തും കേന്ദ്രത്തിലും ഇരട്ട എൻജിൻ സർക്കാർ വേണം. 2014നും 2019നും ഇടയിൽ ടി.ഡി.പി അദ്ധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിനെ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി വികസിപ്പിച്ചു. എന്നാൽ, ജഗൻ മോഹൻ റെഡ്ഡി എല്ലാം നശിപ്പിച്ച് വലിയ കടബാദ്ധ്യതയുണ്ടാക്കി. സമ്പൂർണ നിരോധനം വാഗ്ദ്ധാനം ചെയ്ത് അധികാരത്തിൽ എത്തിയ വൈ.എസ്.ആർ കോൺഗ്രസ് പുതിയ മദ്യനയത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ചു. സംസ്ഥാനങ്ങളെയും രാഷ്ട്രത്തെയും വികസിപ്പിക്കാനുള്ള കാഴ്ചപ്പാട് എൻ.ഡി.എയ്ക്ക് മാത്രമേ ഉള്ളൂ.
തിരഞ്ഞെടുപ്പിനുശേഷം രണ്ടു വർഷത്തിനുള്ളിൽ പോളവാരം പദ്ധതികൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കാക്കിനട തുറമുഖവും രാജമഹേന്ദ്രവാരം വിമാനത്താവളവും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സ്ഥാനാർത്ഥിയുമായ ഡി.പുരന്ദേശ്വരി, ജനസേനാപാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാൺ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു. നാളെ വിജയവാഡയിൽ മോദി റോഡ് ഷോയും നടത്തും.