തിരുവനന്തപുരം:സുകൃതത്തിൽ ഇനി ഹരിനാദമില്ല.അന്തരിച്ച സംവിധായകൻ എം.ഹരികുമാറിന്റെ സ്വപ്ന ഭവനമായ ഇടപ്പഴഞ്ഞി ശ്രീചിത്രനഗറിൽ ഇന്നലെ അദ്ദേഹത്തിന്റെ ഭൗതികശരീരമെത്തിച്ചപ്പോൾ ശോകമൂകമായിരുന്നു.മുറിഞ്ഞപ്പാലം ജി.ജി ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി 8.10ന് ഹരികുമാറിന്റെ മൃതദേഹം വസതിയലെത്തിച്ചു. .വി.കെ പ്രശാന്ത് എം.എൽ.എ,കവി പ്രഭാവർമ്മ,കൗൺസിലർ പത്മലേഖ തുടങ്ങിയവരും അയൽവാസികളും സുഹൃത്തുക്കളും സിനിമ മേഖലയിൽ നിന്നുള്ളവരും ആദരാഞ്ജലികൾ അർപ്പിക്കാൻ രാത്രിയായിട്ടും എത്തിയിരുന്നു .
തന്റെ ഹിറ്റ് സിനിമകളായ,സുകൃതം, ഉദ്യാനപാലകൻ എന്നീ ചിത്രത്തിന് ശേഷമാണ് അദ്ദേഹം തന്റെ വീട് വയ്ക്കുന്നത്.തലസ്ഥാന നഗരത്തിലെ വാടകക്കാരനായിരുന്ന അദ്ദേഹം 1996 ൽ ഹിറ്റ് ചിത്രമായ സുകൃതത്തിന്റെ ഓർമ്മയ്ക്കാണ് വീടിന് സുകൃതമെന്ന് പേരിട്ടത്.പ്രകൃതിയോട് ഏറെ സ്നേഹമുള്ള ഹരികുമാറിന് വീട് നിർമ്മാണത്തിലും അത് പാലിച്ചു.ചുറ്റും വൃക്ഷവും ചെടികളും വള്ളിപടർപ്പുമാണ്.ആ ഭാഗത്തെ വീടുകളിൽ ഏറ്റവും കൂടുതൽ ചെടികളും വൃക്ഷവുമുള്ള വീടാണ് ഹരികുമാറിന്റേത്.നിർമ്മിതി കട്ടകളുപയോഗിച്ചുള്ള ഇരുനില കെട്ടിടമാണ്. കൂടുതൽ തണുപ്പ് ലഭിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഈ രീതിയിൽ ഭവന നിർമ്മാണം നടത്തിയത്.ഇപ്പോഴും പുതിയ വീടു പോലെ അദ്ദേഹം അത് കാത്തുസൂക്ഷിക്കുന്നുണ്ട്.ജോലിയിലെ കർക്കശക്കാരൻ വീട്ടിൽ ശാന്തനാണ്. 2021 ഭാര്യ ചന്ദ്രികയുടെ മരണം അൽപ്പം തളർത്തിയെങ്കിലും സിനിമ ലോകത്തോട് അദ്ദേഹം വിട്ടു നിന്നില്ല.കവി അക്കിത്തത്തിന്റെ ഡോക്യുമെന്ററി സംവിധാനത്തിന്റെ തിരക്കിലായിരുന്നു അവസാനകാലഘട്ടത്തിൽ അദ്ദേഹം.മക്കളായ അമ്മുവും ഗീതാഞ്ജലിയും അദ്ദേഹത്തോടൊപ്പമായിരുന്നു.
വിഷുവിന് ശിഷ്യന്മാർക്ക് വിരുന്നൊരുക്കി
കഴിഞ്ഞ വിഷുവിന് ശിഷ്യന്മാർക്ക് വിരുന്ന് നൽകിയ കഥ സങ്കടത്തോടെയാണ് എം.ഹരികുമാറിന്റെ അസിസ്റ്റന്റായിരുന്ന സീരിയൽ സംവിധായകൻ റിജു നായർ പറഞ്ഞത്.തങ്ങളെ എല്ലാപേരും കാണമെന്ന് ഹരികുമാർ ഫോണിൽ വിളിച്ച് പറഞ്ഞു.അതനുസരിച്ച് പഴയ എട്ട് അസ്റ്റിന്റ്മാർ സുകൃതത്തിൽ ഒത്തുകൂടി.ഭക്ഷണം കഴിച്ചു.പഴയ കഥകൾ പറഞ്ഞു.കരൾ രോഗബാധിതനായി അവശനിലയിലായിരുന്ന അദ്ദേഹം ഇത് എന്റെ പുനർജന്മമാണെന്നും മരിച്ചു പോകുമെന്ന് കരുതിയിരുന്നെന്നും പറഞ്ഞതായി റിജു പറഞ്ഞു.