വെഞ്ഞാറമൂട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം ഓയൂർ ചെറിയ വെളിനല്ലൂർ റോഡുവിള കൊക്കോട്ടുകോണം രതികാ സദനത്തിൽ രതീഷാണ് (40) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ നെല്ലനാട് തണ്ട്റാംപൊയ്ക പൊയ്കയിൽ വീട്ടിൽ സുബിക്കാണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം രാത്രി തണ്ട്റാംപൊയ്ക മാടൻകാവിന് സമീപത്തുവച്ചായിരുന്നു സംഭവം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ജോലി കഴിഞ്ഞ് സുബി മടങ്ങിവരുന്നതും കാത്തുനിന്ന പ്രതി യുവതി എത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവയ്ക്കുകയും വെഞ്ഞാറമൂട് പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. ആക്രമണത്തിൽ കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രതീഷിനും സുബിക്കും മൂന്ന് മക്കളാണുള്ളത്. കുടുംബവഴക്കിനെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുൻപ് രതീഷിനെ രണ്ട് മക്കൾക്കൊപ്പം സുബി ഇറക്കിവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.