തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ സ്‌ക്വാഡ് രൂപീകരിക്കാൻ നഗരസഭ. ഓരോ വാർഡിലും 50 വീടും സ്ഥാപനങ്ങളും ഉൾപ്പെടുത്തി ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് സ്‌ക്വാഡിന്റെ രൂപീകരണം. ഇവർ പൊതുയിടങ്ങളിലുള്ള പ്രധാന ശുചിത്വ - മാലിന്യ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്‌ത് ശുചിത്വ മാപ്പിംഗ് തയ്യാറാക്കും. മഴക്കാല പൂർവ ശുചീകരണത്തിന്റെ മുന്നൊരുക്കങ്ങൾ ഉൾക്കൊള്ളിച്ച ഈ കർമ്മപദ്ധതി ആരോഗ്യവിഭാഗമാണ് തയ്യാറാക്കിയത്. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം പാസാക്കി.
ഓരോ വാർഡിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർമാർ,സന്നദ്ധപ്രവർത്തകർ,ആശുപത്രികൾ,വ്യാപാരി വ്യവസായികൾ,സർക്കാർ സ്ഥാപന മേധാവികൾ,വിദ്യാഭ്യാസ സ്ഥാപന മേധാവികൾ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ശുചിത്വാരോഗ്യ സമിതിയും രൂപീകരിച്ചിരുന്നു.
985 ജോലികൾ
കർമ്മപദ്ധതി പ്രകാരം 985 ജോലികളാണ് മഴക്കാലത്തിന് മുമ്പായി തീർപ്പാക്കാനുള്ളത്. 844 ഓട,58 മഴക്കുഴി,എട്ട് കുളം,75 സ്ഥലങ്ങളിൽ പുല്ലും കാടും വൃത്തിയാക്കൽ എന്നിവയാണ് സമിതി ലിസ്റ്റ് ചെയ്‌തിട്ടുള്ളത്. ഇവയ്‌ക്ക് കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി.
മഴയ്ക്കുമുമ്പ് ഓടകൾ മാലിന്യമുക്തമാക്കും
നഗരത്തിലെ മുഴുവൻ ഓടകളും തോടുകളും സമ്പൂർണ മാലിന്യമുക്തമാക്കും. പി.ഡബ്ല്യു.ഡി,ദേശീയപാത,മൈനർ-മേജർ ഇറിഗേഷൻ,റോഡ് ഫണ്ട് ബോർഡ് എന്നിവരുടെ സംയുക്ത പ്രവർത്തനം ഉറപ്പാക്കും. ഓരോ ഓടകളുടെയും ലിസ്റ്റ് തയ്യാറാക്കി ജനകീയ പങ്കാളിത്തത്തോടെ മാലിന്യം നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കും. ഇതിനായി വിവിധ വകുപ്പുകളുമായി യോഗം നടത്തും. മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങളും വീടുകളും കണ്ടെത്തി നടപടിയെടുക്കും. കുടുംബശ്രീ,ബാലസഭാംഗങ്ങൾ,എൻ.സി.സി,എൻ.എസ്.എസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് പാഴ്‌വസ്തുക്കൾ,ഇ മാലിന്യം എന്നിവ തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുന്ന കാമ്പയിനും നടത്തും.