തിരുവനന്തപുരം: മാസപ്പടി കേസിൽ നിരാശാജനകമായ വിധി പ്രതീക്ഷിച്ചില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രിയെയും മകളെയും ശിക്ഷിക്കാനല്ല, അവർക്കെതിരായ അന്വേഷണത്തിനാണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയോടും കുടുംബത്തോടും വ്യക്തിവിരോധമില്ല.ഹർജി കൊടുത്തത് അവരെ തേജോവധം ചെയ്യാനല്ലെന്നും പൊതുസമൂഹത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
28 രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്. വിധി നിരാശപ്പെടുത്തുന്നതാണെങ്കിലും ആത്മവിശ്വാസം തകരില്ല.
അഴിമതിക്കെതിരായ പോരാട്ടം എളുപ്പമല്ല. മുഖ്യമന്ത്രിക്കെതിരായി നിയമപോരാട്ടം നടത്തുന്നതുകാരണം തനിക്കെതിരെ എട്ട് കേസുകളിൽ അന്വേഷണം നടക്കുകയാണ്. സി.പി.എം നേതാക്കൾ എത്ര പരിഹസിച്ചാലും പേരാട്ടം തുടരും. പ്രതിപക്ഷനേതാവിന്റെ അനുമതി വാങ്ങിയാണ് കേസിന് പോയതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി:ഇ.പി
മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
മാസപ്പടി കേസിൽ അന്വേഷണമില്ലെന്ന വിജിലൻസ് കോടതിവിധി പ്രതിപക്ഷത്തിന്റെയും കുഴൽനാടന്റെയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. കുഴൽനാടന് തെളിവിന്റെ കണിക പോലും കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല.
ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ലെന്നും കവല പ്രസംഗം കോടതിയിൽ തെളിവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെയും മകൾ വീണയെയും ക്രൂരമായി വേട്ടയാടുകയായിരുന്നു. വി.ഡി സതീശനെക്കാൾ വലിയവനാകാൻ ശ്രമിച്ച കുഴൽനാടൻ കോൺഗ്രസിൽ ഒറ്റപ്പെട്ടു. നിയമസഭാ പ്രസംഗത്തിന്റെ പേരിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് കുഴൽനടൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.